മണ്ണാര്‍ക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ സെക്രട്ടറിയു മായിരുന്ന പി.ജെ. പൗലോസിന് നാട് വിടനല്‍കി. വെള്ളപ്പാടം സെയ്ന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ പനയാരംപിള്ളില്‍ കുടുംബകല്ലറയിലാ യിരുന്നു സംസ്കാരം. വ്യാഴാഴ്ച രാവിലെ തെങ്കരയിലെ വീട്ടിലേക്കും പി.ജെ.യെ അവസാനമായി കാണാന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. 11.30ന് വെള്ളപ്പാടം സെയ്ന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ.മാത്യു എബ്രഹാം ആഴാന്തറയുടെ നേതൃത്വത്തില്‍ സംസ്കാര ശുശ്രൂഷകളാരംഭിച്ചു. തുടര്‍ന്ന് ഭാര്യ ലീലാമ്മയും മക്കളും മറ്റുബന്ധുക്കളുമെല്ലാം പി.ജെ.യ്ക്ക് അന്ത്യചുംബനം നല്കി. 12മണിയോടെ പി.ജെയുടെ മൃതദേഹം വഹിച്ച ആംബുലന്‍സ് വിലാപയാത്രയായി വെള്ളപ്പാടത്തെ പള്ളിയിലേക്കെത്തി. ബന്ധുക്കളും നാട്ടുകാരും കോണ്‍ഗ്രസിലെ നേതാക്കളും പ്രവര്‍ത്തകരുമായി നൂറുകണക്കിന് പേരുടെ സാന്നിധ്യത്തില്‍ പ്രിയനേതാവിന്റെ മൃതദേഹം കുടുംബകല്ലറയില്‍ സംസ്കരിച്ചു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ, മുന്‍ മന്ത്രി എ.കെ. ബാലന്, ഷാഫി പറമ്പില്‍ എംപി, എ.പി. അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്, മുന്‍ മന്ത്രി വി.സി. കബീര്‍, മുന്‍ എംഎല്‍എ കളത്തില്‍ അബ്ദുള്ള, കെപിസിസി സെക്രട്ടറി സി. ചന്ദ്രന്, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്, മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി തുടങ്ങിയ രാഷ്ട്രീയനേതാക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പി.ജെ. പൗലോസിന് ആദരാഞ്ജലികളര്‍പ്പിച്ചു.