റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്നു
പാലക്കാട്: ജലസ്രോതസ്സുകള്‍ കൂടുതലുള്ള ജില്ല എന്നത് കണക്കിലെടുത്തും രണ്ട് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം കണക്കിലെടുത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നീന്തല്‍ പരിശീലനം നടക്കുന്ന ജലസ്രോതസ്സുകളിലുള്പ്പെടെ ശുചീകരണം ഊര്‍ജ്ജിതമാക്കും. ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച ആര് ആര് ടി ( റാപിഡ് റെസ്പോണ്‍സ് ടീം) മീറ്റിങ്, ജില്ലാതല ടാസ്ക് ഫോഴ്സ് മീറ്റിങ്ങ് എന്നിവയിലാണ് തീരുമാനം.
തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള എല്ലാ ജലസ്രോതസ്സുകളും ശുചീകരിക്കുന്നതോടൊപ്പം അവയ്ക്ക് മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഫ്ളാറ്റുകളിലെ സ്വിമ്മിങ് പൂളുകള്‍, ജലസംഭരണികളുടെ ശുചീകരണം എന്നിവ ഉറപ്പാക്കും. കുടിവെള്ളം വാട്ടര്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്നവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വാട്ടര്‍ ടാങ്കറുകളും കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കി എന്നും ഉറപ്പുവരുത്തണം. മഴ കുറഞ്ഞ സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന ജലം കൂടുതല്‍ മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ മുതിര്‍ന്നവരും കുട്ടികളും ഇത്തരം ജലസ്രോതസ്സുകളില്‍ ഇറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. സ്കൂളുകളിലെ കിണറുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. പഞ്ചായത്ത് അടിസ്ഥാനത്തില്‍ വീടുകളിലെ കിണറുകളിലെ ക്ലോറിനേഷന് കൃത്യമായി നടക്കുന്നുണ്ടെന്നും മലിന ജലം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. മേല്‍പ്പറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും ഏകോപനത്തില്‍ നടത്തേണ്ടതാണെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.
ജലമാണ് ജീവന് പദ്ധതിയുടെ പുരോഗതി യോഗത്തില്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. ജില്ലയിലെ പകര്‍ച്ചവ്യാധികളുടെ സ്ഥിതി വിവരകണക്കുകളും, മീസില്‍സ്, റുബെല്ല , പോളിയോ വാക്സിനേഷനുകളുടെ ജില്ലയിലെ പുരോഗതിയും ഇതോടൊപ്പം നടന്ന ജില്ലാതല ടാസ്ക് ഫോഴ്സ് മീറ്റിങ്ങില്‍ വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. വി റോഷ്, ജില്ലാ സര്‍വയ്ലന്‍സ് ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്, ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ. അനിത, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
