മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ തീരത്ത് ഹാപ്പിനെസ് പാര്‍ക്ക് നിര്‍മിക്കാനുള്ള പദ്ധതി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടികളിലേക്ക് നഗരസഭ കടക്കുന്നു.ഇതിനായി ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ തീരുമാനിച്ചിരുന്നു. 3.6 കോടിരൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്. വിശദമായപദ്ധതി രൂപരേഖ യ്ക്ക് ജില്ലാ ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിച്ചതോടെ മറ്റുനടപടികള്‍ ത്വരിതഗതിയിലാണ്. എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരുകോടിയും നഗരസഭയുടെ ഒരുകോടിയുമാണ് നിലവില്‍ പദ്ധ തിക്കുള്ള ഫണ്ടുള്ളത്. ബഹുവര്‍ഷ പദ്ധതിയായതുകൊണ്ടുതന്നെ അടുത്ത സാമ്പത്തി കവര്ഷത്തിലും തുക കണ്ടെത്താനാകുമെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു.
നടപ്പാത, ഓപ്പണ്‍ജിം, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള കളി ഉപകരണങ്ങള്‍, കഫ്തീരിയ, ശുചിമുറികള്‍, ലൈറ്റുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് പദ്ധതി. പുഴ യോരത്ത് അഞ്ച് മീറ്റര്‍ ഉയരത്തിലും 15മീറ്റര്‍ വീതിയിലുമായി അരികുഭിത്തി കെട്ടും. നിലത്ത് ടൈലുകള്‍ പാകും. 146 മീറ്റര്‍ നീളത്തില്‍ 10 മുതല്‍ 12 വരെയുള്ള നടപ്പാതയാ ണ് ഒരുക്കുക. പുഴയുടെ മറുകരയിലുള്ള ആശുപത്രിയുടെ താഴ്ഭാഗത്തായാണ് പാര്‍ക്ക് സ്ഥാപിക്കാനാണ് നീക്കം.
എല്ലാ തദ്ദേശസ്ഥാപനങ്ങളും ഹാപ്പിനെസ് പാര്‍ക്ക് തുടങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് നഗരസഭയിലും പാര്‍ക്ക് നിര്‍മാണത്തിന് 2024ല്‍ നടപടി തുടങ്ങിയത്. പാല ക്കാട്-കോഴിക്കോട് ദേശീയപാത കടന്നുപോകുന്നതിലെ ദൈര്‍ഘ്യമേറിയ നഗരം കൂടി യായ മണ്ണാര്‍ക്കാട് വിനോദത്തിനും വിശ്രമത്തിനുമായി പൊതുഇടത്തിന്റെ കുറവുണ്ട്. ഇത്തരത്തിലുള്ളൊരു കേന്ദ്രം ഒരുക്കാന്‍ നഗരസഭനടപടിയെടുക്കണമെന്ന ആവശ്യ വും നാളുകളായി ഉയരുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്തും നഗരസഭയുടെ കാഴ്ചപ്പാടു കള്‍ കൂടി സമന്വയിപ്പിച്ചുമാണ് പാര്‍ക്ക് പദ്ധതി വിഭാവനം ചെയ്തത്.
അമൃത് പദ്ധതിയിലുള്‍പ്പെടുത്തി കുന്തിപ്പുഴ പാലത്തിനും ചോമേരി ജലശുദ്ധീകരണ ശാലയ്ക്കും ഇടയിലായി റെഗുലേറ്റര്‍ ചെക്ഡാം നിര്‍മിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ചെക്ഡാം വന്നാല്‍ ഭാവിയില്‍ ബോട്ടിങ് സംവിധാനം നടപ്പിലാക്കാ നും നഗരസഭയ്ക്ക് ആലോചനയുണ്ട്.
