മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലെ ഭൂമി പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനുള്ള പ്രത്യേ കമായ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റെവന്യു വകുപ്പ് മ്ന്ത്രി കെ. രാജന്. മണ്ണാര്‍ക്കാട് നിയോജകമണ്ഡലതല പട്ടയമേള ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിഷയത്തില്‍ വളരെ ഗൗരവമായാണ് സര്‍ക്കാര്‍ നിലപാടെടുത്ത് മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായി വരുന്ന ശനിയാഴ്ച റവന്യൂ വകുപ്പ് സെക്രട്ടറി രാജമാണിക്യം അട്ടപ്പാടിയില്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി സമഗ്രമായ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് 2,23,945 പട്ടയങ്ങള്‍ വിതര ണം ചെയ്തു. അതില്‍ 55,280 എണ്ണം പാലക്കാട് ജില്ലയിലാണ്.’എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന മുഖമുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ച്, ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ മനുഷ്യരെയും ചേര്‍ത്തു നിര്‍ത്തി ഭൂമിയുടെ അവകാശികളാക്കി മാറ്റുക എന്ന പരിശ്രമത്തിന് നേതൃത്വം നല്കാന് സര്‍ക്കാരിനായി.
കേരളത്തിലെ ഭൂപരിഷ്കരണ നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവ രാനും സാധിച്ചു. മുന്‍ കാലഘട്ടങ്ങളില്‍ പട്ടയരേഖ കൈമാറുമ്പോള്‍ കൈമാറിയ ഭൂമി ചൂണ്ടിക്കാണിക്കാന്‍ സാധിച്ചിരുന്നില്ല ഇതിന് പരിഹാരമായി ഭൂമിയുടെ പട്ടയം അനുവ ദിച്ചു നല്കുമ്പോള് ഭൂമിയുടെ സ്കെച്ച് കൂടി തയ്യാറാക്കി നല്‍കുക എന്ന ശ്രദ്ധേയമായ നടപടി കൂടി സര്‍ക്കാര്‍ സ്വീകരിച്ചു. ഡിജിറ്റല്‍ റീ സര്‍വ്വേ പൂര്‍ത്തിയായ വില്ലേജുകളി ല്‍ എടിഎം കാര്‍ഡിന്റെ രൂപത്തില്‍ റവന്യൂ കാര്‍ഡ് ഈ വര്‍ഷം നവംബര്‍ മാസം മുത ല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞെ ന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ എന്‍ ഷംസുദ്ദീന് എംഎല്‍എ അധ്യക്ഷനായി. അഞ്ച് വനാവകാശ രേഖകള്‍ ഉള്‍പ്പെടെ 459 പട്ടയങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ സി. മുഹമ്മദ് ബഷീര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സജ്ന സത്താര്‍, അക്കര ജസീന, എ ഷൗക്കത്തലി, ഒറ്റപ്പാലം സബ് കലക്ടര്‍ അന്‍ജീത് സിംഗ്, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
