തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളജ് ടീച്ചേഴ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കോളജ് അധ്യാപകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ പ്രൊഫ.കെ.കെ.ആബിദ് ഹുസൈന് തങ്ങള്‍, പി.അബ്ദുല്‍ ഹമീദ്, പി.ഉബൈദുല്ല, ടി.വി ഇബ്രാഹിം എന്നിവര്‍ സംസാരിക്കും.
ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുക, കേരളത്തിലെ മുഴുവ ന് സര്‍വകലാശാലകളിലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുക, മുഴുവന്‍ സര്‍ക്കാര്‍ കോളജുകളിലും പ്രിന്‍സിപ്പല്‍മാരെ നിയമിക്കുക, സര്‍വകലാശാലകളുടെ സ്വയം ഭര ണാധികാരം സംരക്ഷിക്കുക, സര്‍വകലാശാലാകളുടെ നിയമനങ്ങളില്‍ സംവരണം കൃത്യമായി പാലിക്കുക, കോളജ് അധ്യാപകരുടെ മുഴുവന്‍ ഡി.എയും കുടിശ്ശിക സഹി തം ഉടനടി അനുവദിക്കുക, യു.ജി.സി/ എ.ഐ.സി.ടി.ഇ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എയ്ഡഡ് കോളേജ് സര്‍വീസുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് പിന് വലിക്കുക, അറബിക് കോളജ് അധ്യാപകരുടെ പ്രൊമോഷന് അനുവദിക്കുക, നാലു വര്‍ഷഡിഗ്രി പ്രോഗ്രാമുകളിലെ അപാകതകള്‍ മുഴുവന്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ മുഴുവന്‍ സി.കെ.സി.ടി അംഗങ്ങളും അണിചേരണമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.പി. മുഹമ്മദ് സലീം, ജനറല്‍ സെക്രട്ടറി സി.എച്ച് അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ ഡോ.അബ്ദുല്‍ മജീദ് കൊടക്കാട് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
