തെങ്കര : മുണ്ടകന്വിളയിറക്കുന്ന ജോലികളില്‍ വ്യാപൃതരായിരിക്കുകയാണ് തെങ്കര പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍. പാടശേഖരങ്ങളില്‍ നിലമൊരുക്കലും ഞാറുപാകലു മായ പ്രവര്‍ത്തനങ്ങളാണ് ഒരാഴ്ചക്കാലമായി നടന്നുവരുന്നത്. ചിറപ്പാടം, മേലാമുറി പാട ശേഖരങ്ങളില്‍ ഇതിനകം ഞാറുപാകികഴിഞ്ഞു. ഓണത്തിന് മുന്‍പും ശേഷവുമായി നടീല്‍ നടത്താനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.
ഇത്തവണ മൂപ്പുകുറഞ്ഞ ഉമവിത്താണ് കൃഷിഭവനില്‍ നിന്നും നല്‍കിയിട്ടുള്ളത്. 120 മുതല്‍ 135 ദിവസം കൊണ്ട് ഇത് മൂപ്പെത്തും. വര്‍ഷങ്ങളായി മൂപ്പുകൂടിയ പൊന്മണി വിത്താണ് ഈമേഖലയില്‍ ഉപയോഗിക്കാറുളളത്. 150 ദിവസം മുതല്‍ 160ദിവസം കൊ ണ്ടാണ് പൊന്മണി മൂപ്പെത്തുക. ജൂലായ് മാസത്തില്‍ നിലമൊരുക്കി, ആഗസ്റ്റില്‍ ഞാറു പറിച്ചുനട്ട് ജനുവരി മാസത്തോടെ കൊയ്ത്തു നടത്തുകയാണ് പതിവെന്ന് കര്‍ഷകനാ യ പി.രാധാകൃഷ്ണന് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നാണ് കൊയ്ത്തുയന്ത്രങ്ങളെത്തിക്കുക. ഇത്തവണ മൂപ്പുകുറഞ്ഞ വിത്തായതുകൊണ്ടുതന്നെ ഈനെല്കൃഷിവേള കണക്കാ ക്കിയാണ് കര്‍ഷകര്‍ കൃഷി തുടങ്ങിയതും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വ്യാപകമായി നെല്കൃഷിയുണ്ടായിരുന്ന മേഖലയാണ് തെങ്കര. കാലക്രമേണ അതുചുരുങ്ങി 60 ഹെക്ടറിലെത്തി നില്ക്കുന്നു. കഴിഞ്ഞവര്‍ഷം 115 കര്‍ഷകരില്‍ നിന്നായി 1,31,625 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു. ചിറപ്പാടം, തോടുകാട്, കുന്നത്തുകളം, മേലാമുറി, ചേറുംകുളം, തത്തേങ്ങലം തുടങ്ങിയ പാടശേ ഖരസമിതികള്ക്ക് കീഴിലാണ് ഇത്തവണയും നെല്‍കൃഷിയിറക്കുന്നത്. നെല്‍വിത്ത് കൃഷിഭവനില്‍ നിന്നും വിതരണം ചെയ്തുവരുന്നുണ്ട്. വിത്തിന് പുറമെ അടിവളം, ഉഴവുകൂലി, ഉല്‍പ്പാദന ബോണസ്, പാടശേഖരസമിതികള്‍ക്ക് സുസ്ഥിര വികസന ആനുകൂല്യം എന്നിവയെല്ലാം കൃഷിവകുപ്പില്‍ നിന്നും ലഭിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു.
അതേസമയം ഉല്‍പ്പാദന ചിലവ് വര്‍ധിക്കുന്നസാഹചര്യത്തില്‍ ഉഴവുകൂലിയില്‍ ഉള് പ്പടെ വര്ധനവേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കൂടാതെ ഉല്‍പ്പാദന ബോണസ് കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും കര്‍ഷകര്‍ പറയുന്നു. കാലവര്‍ഷം നേരത്തെ യെത്തിയതും ഭേദപ്പെട്ട മഴലഭിച്ചതിനാലും ഇക്കുറി വെള്ളത്തിന് പ്രയാസമില്ല. മലമു കളിലെ ചോലകളില്‍ നിന്നുമുള്‍പ്പടെ വയലുകളിലേക്ക്് വെള്ളം ലഭ്യമാണ്. ഡിസം ബറില്‍ നെല്ല് കതിരണിയുന്നവേളയില് കാഞ്ഞിരപ്പുഴ അണക്കെട്ട്, ആനമൂളി ചെക്ഡാം എന്നിവടങ്ങളില്‍ നിന്നും കനാല്വഴിയെത്തുന്ന വെള്ളമാണ് കൃഷിക്ക് ആശ്രയയ മെന്ന് കര്‍ഷകനായ രതീഷ് പറഞ്ഞു. കനാലുകള്‍ സമയബന്ധിതമായി വൃത്തിയാക്കി ആവശ്യമായഘട്ടത്തില്‍ വെള്ളം ലഭ്യമാക്കുന്നത് കൃഷിക്ക് ഗുണകരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
