മണ്ണാര്‍ക്കാട് : വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതമായി കുരുത്തിച്ചാലിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് പ്രകൃതി സൗഹൃദ ടൂറിസം പദ്ധതിയ്ക്ക് തുടക്കം കുറിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഒന്നാം ഘട്ട വികസന പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഇന്ന് ചേര്‍ന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു.
കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 2025-26 വര്‍ഷിക പദ്ധതിയില്‍ ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. കുരുത്തിച്ചാലില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന അപകടങ്ങള്‍ ഒഴി വാക്കി പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കിയുള്ള പദ്ധതിയുടെ ആവശ്യം ഏറെനാളുകളായുള്ള ആവശ്യമാണ്. ഡിവിഷന് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി മുമ്പാകെ ഇത് സം ബന്ധിച്ച് നിവേദനം നല്‍കുകയും പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജില്ലാ പഞ്ചത്തിന്റെ വില്ലേജ് ടൂറിസം പദ്ധതിയില്‍ കുരു ത്തിച്ചാലിനായി പദ്ധതിയുണ്ടാക്കി നടപ്പാക്കാന്‍ തീരുമാനമായത്. വ്യൂ പോയിന്റ്, സെ ല്‍ഫി പോയിന്റ്്, തൂക്കുപാലം, കുളിക്കടവ് എന്നിവയും പുഴയിലെ അപകടകരമായ സ്ഥലങ്ങളില്‍ കൈവരികളും നിര്‍മിക്കാനാണ് പദ്ധതി.
സൈലന്റ് വാലി വനമേഖലയോട് ചേര്‍ന്നുള്ള പ്രകൃതിയുടെ പച്ചപ്പും മനോഹരമായി ഒഴുകുന്നവെള്ളവും കുരുത്തിച്ചാലിന്റെ ആകര്‍ഷണമാണ്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി ധാരാളം പേര് ഇവിടെയെത്താറുണ്ട്. എന്നാല്‍ പുഴയിലെ ചുഴികളും പാറക്കെട്ടുകള്‍ക്കിടയിലെ ആഴമേറിയ ഇടങ്ങളും അപകടം വിളിച്ചുവരുത്തുന്നതാണ്. പതിനാലോളം പേരുടെ ജീവന് ഇതിനോടകം ഇവിടെ പൊലിഞ്ഞിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സുരക്ഷിതമായി കുരുത്തിച്ചാല്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കുന്ന ടൂറിസം വികസന പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത്.
