പാലക്കാട് : പൊതുജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ കോടതികളില്‍ ദേശീയ ലോക് അദാലത്ത് സംഘ ടിപ്പിച്ചു. 608 കേസുകള്‍ തീര്‍പ്പാക്കുകയും വിവിധ കേസുകളിലായി 8,87,80,315 രൂപ വിതരണം ചെയ്യുകയും ചെയ്തു. പാലക്കാട് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയാണ് ലോക് അദാലത്ത് സംഘടിപ്പിച്ചത്. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 5,76,59,000 രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ദേശസാല്‍കൃത സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വായ്പാ പരാതികളില്‍ 3,01,42,028 രൂപ തിരിച്ചടവായി ലഭിച്ചു. മജിസ്ട്രേറ്റ് കോടതികളില്‍ നടന്ന പ്രത്യേക സിറ്റിംഗില്‍ 4293 ഫൈന്‍ കേസുകളില്‍ നിന്നായി സര്‍ക്കാരിന് പിഴ ഇനത്തില്‍ 70,95,350 രൂപ ലഭിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച അദാലത്ത് വൈകിട്ട് 4:30-നാണ് പൂര്‍ത്തിയായത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി/സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്) ദേവിക ലാല്‍ എന്നിവര്‍ ദേശീയ ലോക് അദാലത്തിന് നേതൃത്വം നല്കി.
