മണ്ണാര്‍ക്കാട് : കനത്തമഴയിലും കാറ്റിലും കഴിഞ്ഞരണ്ടു ദിവസത്തിനിടെ താലൂക്കില്‍ ഭാഗികമായി തകര്‍ന്നത് 15 വീടുകള്‍. മരവും തെങ്ങും കടപുഴകിയും പൊട്ടിയും വീടു കള്‍ക്ക് മുകളില്‍ പതിച്ചാണ് നാശനഷ്ടമുണ്ടായത്. കരിമ്പ, തച്ചമ്പാറ, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍,തച്ചനാട്ടുകര പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭ യിലുമാണ് വീടുകള്‍ തകര്‍ന്നത്. ആളപായമില്ല. ഇതില്‍ കരിമ്പ പഞ്ചായത്തില്‍ നാലും, കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്തുകളില്‍ മൂന്ന് വീതവും തച്ചമ്പാറയില്‍ രണ്ടും മറ്റിടങ്ങളില്‍ ഓരോ വീടുകളുമാണ് തകര്‍ന്നത്.
കരിമ്പയില്‍ പാലളം പടിഞ്ഞാറേക്കര ജാനകിയുടെ വീടിന് മുകളിലേക്ക് റബര്‍മരവും പ്ലാവും കല്ലടിക്കോട് മൂന്നേക്കര്‍ കോയില്പാളയം അല്‍ഫോന്‍സാ മേരിയുടെ വീടിന് മുകളിലേക്ക് മരക്കൊമ്പും പൊട്ടിവീണാണ് നാശനഷ്ടമുണ്ടായത്. കല്ലടിക്കോട് കളപ്പാറ സ്മിത, മൂന്നേക്കര്‍ ആപ്പാഞ്ചിറ ആന്റണിയുടെ വീടിന് മുകളിലേക്ക് മരം വീണും നാശം നേരിട്ടു.തച്ചനാട്ടുകര നാട്ടുകല്‍ പെരുണ്ടപ്പുറത്ത് കുഞ്ഞമ്മുവിന്റെ വീടിന്റെ ഒരു ഭാഗം മഴയത്ത് തകര്‍ന്നു.കുടുംബാംഗങ്ങള്‍ ബന്ധുവീട്ടിലേക്ക് മാറി. കിട്ടത്ത് കോളനി യിലെ കുട്ടന്മാസ്റ്ററുടെ വീടിന് മുകളിലേക്ക് തെങ്ങൂം കുണ്ടൂര്‍ക്കുന്ന് താഴത്തേതില്‍ വീട്ടില്‍ കുഞ്ഞിലക്ഷ്മിയുടെ വീടിന് മുകളിലേക്ക് റബര്‍മരവും വീഴുകയായിരുന്നു.
കോട്ടോപ്പാടം അരിയൂര്‍ വിജയവിലാസത്തില്‍ വിജയകുമാറിന്റെ ഇരുനില വീടിന്റെ വടക്കുവശത്തെ സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞുവീണു. പട്ടയ്ക്കല് പി.എസ്. നിലയത്തില്‍ രാജലക്ഷ്മിയുടെ വീടിനും ഭാഗികമായ നാശമുണ്ടായി. കണ്ടമംഗലം സ്വദേശികളായ ചാട്ടുപോക്കില് അസ്മാബി, പൊന്നാനികുന്ന് താഹിര്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്കും മരം വീണു. തച്ചമ്പാറ പാലക്കയം ചന്ദ്രന് താളിക്കുഴിയുടെ വീടിന് മുകളിലേക്ക് തേക്കുമരം കടപുഴകി വീണു. കുണ്ടംപൊട്ടി കണിയാകുന്ന് സജിയുടെ വീടിന് മുകളിലേക്ക് വാകമരം പൊട്ടിവീണും നാശനഷ്ടമുണ്ടായി. മണ്ണാര്‍ക്കാട് നഗരസഭയിലെ പെരിമ്പടാരി മണ്ണാട്ടില്‍ വീട്ടില്‍ ലീലാവതിയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണു. ശക്തമായ കാറ്റില്‍ കുമരംപുത്തൂര്‍ പയ്യനെടം മരുതംകാട് കുറ്റികാട്ടില്‍ ആസ്യയുടെ വീടിനും ഭാഗികമായ നാശനഷ്ടമുണ്ടായി.അലനല്ലൂര്‍ കാട്ടുകുളം പൂക്കാട്ടില്‍ രാധാമണിയുടെ വീടും ശക്തമായ മഴയില്‍ ഭാഗികമായി തകര്‍ന്നു.
തുടര്‍ച്ചയായി പെയ്തമഴയില്‍ താലൂക്കിലെ പ്രധാന പുഴകളിലും തോടുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു. താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി.ദേശീയപാതയില്‍ കല്ലടിക്കോ ടും ആര്യമ്പാവും വാഹനാപകടങ്ങള്‍ സംഭവിച്ചു. തിങ്കളാഴ്ച അലനല്ലൂര്‍ ചളവ പടിക്ക പ്പാടം റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിനുമുകളില്‍ മരം പൊട്ടിവീണും അപകടമു ണ്ടായി. ചളവ സ്വദേശി പൂന്തിയില്‍ വീട്ടില്‍ സുരേഷ് ബാബുവിന്റെ കാറിന് മുകളി ലേക്ക് മരം വീണത്. കാറിന് നാശനഷ്ടമുണ്ടായി.
