പട്ടാമ്പി: യുവജനങ്ങള്‍ക്ക് നാട്ടില്‍ തന്നെ ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വ്യവസായ സംരംഭകർക്ക് സൗഹാർദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്നതിൽ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) കേരളം രാജ്യത്ത് ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു. പട്ടാമ്പി ബൊഗൈന്‍ വില്ല ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല നിക്ഷേപക സംഗമവും സാങ്കേതിക ശില്പശാലയും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിക്ഷേപ സംരംഭ മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും പരിപാടിയില്‍ വിശദീകരിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ക്കും സംരംഭ മൂലധനത്തിനുമുള്ള സംവിധാനങ്ങള്‍ ചര്‍ച്ചചെയ്തു. പാഴ് വസ്തുക്കളെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യകളും ഈ മേഖലയിലെ സംരംഭ സാധ്യതകളും പരിചയപ്പെടുത്തി. നൂതന സംരംഭ ആശയങ്ങളുടെ അവതരണങ്ങള്‍ വ്യത്യസ്തവും നവീനവുമായ സംരംഭ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ നിക്ഷേപങ്ങള്‍ കണ്ടെത്തുവാനുള്ള അവസരങ്ങളെ പറ്റിയും പരിപാടിയില്‍ വിശദീകരിച്ചു.
പരിപാടിയില്‍ മുഹമ്മദ് മുഹസിന്‍ എംഎല്‍എ അധ്യക്ഷനായി. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ (ഓണ്‍ലൈന്‍),പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍, സബ് കളക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം കെ ബേബി ഗിരിജ, രതി ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, മാനേജര്‍ എ കെ റഹ്‌മത്തലി, ജനപ്രതിനിധി കള്‍, ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
