അഗളി : പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും സംസ്ഥാന- ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റികളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എച്ച്‌ഐവി – എയ്ഡ്‌സ് ബോധവത്കരണ കലാജാഥയ്ക്ക് പാലക്കാട് ജില്ലയില്‍ തുടക്ക മായി. ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്ന പേരില്‍ 45 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ബോധവത്ക്കരണ കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫിസര്‍ ഡോ. സി. ഹരിദാസന്‍ നിര്‍വ്വഹിച്ചു. സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗ്രേസ് ജോര്‍ജ് അധ്യക്ഷനായി.
ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ എസ്. സുനില്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഗളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ശാന്തി, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍മാരായ രജീന രാമകൃഷ്ണന്‍, പി.പി രജിത, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ സി. രാമന്‍കുട്ടി, ഡി.കെ ശംഭു, ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ശ്രീജിത്ത് തങ്കപ്പന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വിജയന്‍, സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടോംസ് എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി എച്ച്‌ഐവി – എയ്ഡ്‌സ് ബോധവത്ക്കരണ മാജിക് ഷോയും വെന്‍ട്രിലോക്കിസവും അവതരിപ്പിച്ചു.2025 ഓടു കൂടി പുതിയ എച്ച്.ഐ.വി അണു ബാധിതര്‍ ഇല്ലാതാവുക എന്ന ലക്ഷ്യം കൈവരിക്കാനായി ‘ഒന്നായി പൂജ്യത്തിലേക്ക് ‘ എന്ന സന്ദേശവുമായാണ് ജില്ലയില്‍ ഈ വര്‍ഷം എച്ച്.ഐ.വി ബോധവത്ക്കരണ കലാജാഥ സംഘടിപ്പിക്കുന്നത്. ലോക എയ്ഡ്‌സ് ദിനാചരണത്തിന് മുന്നോടിയായാണ് ബോധവത്കരണ കലാജാഥ ഒരുക്കിയിട്ടുള്ളത്.