അഗളി: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണഗദ്ദക്കടുത്ത് ചെമ്പുവട്ടക്കാട് ഊരില്‍ ഇറങ്ങിയ പുലി എട്ടു ആടുകളെ കൊന്നു. ഒരെണ്ണത്തിനെ പകുതിയോളം ഭക്ഷിച്ചിട്ടുണ്ട്. ചെമ്പുവട്ടക്കാട് ഊരിലെ തുളസി സുരേഷി ന്റെ ആടുകളെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ പുലി പിടിച്ചത്. ഊരില്‍ ഒറ്റക്ക് കഴിയുന്ന തുളസിയുടെ വീടിന്റെ പിന്‍ഭാഗത്തുള്ള കൂട്ടിലാണ് ആടുകളെ പാര്‍പ്പിച്ചിരുന്നത്. തലേന്ന് രാത്രി 11 മണിക്ക് നോക്കിയപ്പോഴും എല്ലാ ആടുകളും കൂട്ടില്‍ സുരക്ഷിതമായി ഉണ്ടായിരുന്ന തായി തുളസി പറയുന്നു. കഴിഞ്ഞ ആഴ്ച ആടുകളെ തീറ്റുന്നതിനിടയില്‍ ഒരെണ്ണത്തിനെ പുലി പിടിച്ചിരുന്നു. തുളസിയുടെ ഏക സമ്പത്തായിരുന്ന മുഴുവന്‍ ആടുകളെയും പുലി പിടിച്ചു. സംഭവമറിഞ്ഞ് പുതൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ സ്ഥലത്തെത്തി. പരമാവധി സഹായം തുളസിക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് ബഷീര്‍ പറഞ്ഞു.