മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വര്‍ണാഭമായി.ആനയും മേളവും നാടന്‍കലാരൂപങ്ങളും അണിനിരന്ന വേലക്കാഴ്ച പൂരപ്രേമികളുടെ മനംനിറച്ചു. ഇന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ താലപ്പൊലി കൊട്ടിയറിയിച്ചതോടെ തട്ടകം പൂരത്തിന്റെ ആവേശ ത്തിലേക്കുണര്‍ന്നു. ദാരികവധം പാട്ടും നടന്നു. ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ കൂത്തുമാടം ഗ്രൗണ്ടില്‍ നടന്ന കഞ്ഞിപ്പാര്‍ച്ചയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ഉച്ചയോടെ ദേശങ്ങളില്‍ വേലപ്പുറപ്പാടായി.തൃക്കടവൂര്‍ ശിവരാജു, പുതുപ്പള്ളി കേശവ ന്‍, ഊക്കന്‍സ് കുഞ്ചു, ഗുരുവായൂര്‍ രാജശേഖരന്‍, കുട്ടന്‍കുളങ്ങര അര്‍ജുനന്‍, അമ്പാടി ബാലനാരായണന്‍, ഉഷശ്രീ ശങ്കരന്‍കുട്ടി, പുതുപ്പള്ളി സാധു, കുറുപ്പത്തു ശിവശങ്കരന്‍, വെണ്ണാട്ടുമറ്റം ശ്രീകുമാര്‍, ഗുരുവായൂര്‍ സിദ്ധാര്‍ത്ഥന്‍ എന്നീ ഗജവീരന്‍മാര്‍ വിവിധ ദേശങ്ങളുടെ തിടമ്പേറ്റി. പെരിമ്പടാരി, പോത്തോഴി, പറമ്പുള്ളി, ചങ്ങലീരി നെല്ലിപ്പടി, വേണ്ടാംകുറുശ്ശി, കൂനിവരമ്പ്, കുമരംപുത്തൂര്‍ വടക്കന്‍, കുമരംപുത്തൂര്‍ യുവജന സംഘം, ചങ്ങലീരി വിഷ്ണുക്ഷേത്രം, ടി റോഡ്, കാഞ്ഞിരംപാടം, കിഴക്കുംപുറം, വള്ളു വമ്പുഴ ദേശങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് വേലകളും കിഴക്കുംപുറം, വള്ളുവമ്പുഴ ദേശങ്ങളില്‍ നിന്നും കാളവേലകളും ക്ഷേത്രത്തിലേക്കെത്തി. പാണ്ടിമേളം, ശിങ്കാരി മേളം, തെയ്യം, കുംഭാട്ടം, ബാന്റ് സെറ്റ്, പൂതന്‍ തിറ, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ദേശവേലകള്‍ക്ക് മിഴിവേകി. കൂത്തൂമാടം മൈതാനത്ത് ദേശവേലസംഗമം കാണാന്‍ ജനസഹസ്രം പോത്തോഴിക്കാവിലെത്തിയിരുന്നു. തുടര്‍ന്ന് കാവുകയറ്റവും മേളവും താലപ്പൊലി എഴുന്നള്ളത്തും അരിയേറുമുണ്ടായി. കളംപൂജയും കളംപാട്ടുമുണ്ടായി.