മണ്ണാര്‍ക്കാട് : കോട്ടോപ്പാടം കണ്ടമംഗലം പുറ്റാനിക്കാടില്‍ വീടിനകത്തേക്ക് കയറിയ രാജവെമ്പാലയെ വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന പിടികൂടി വനത്തില്‍ വിട്ടു. പുറ്റാനിക്കാട് ജുമാമസ്ജിദിന് സമീപം കോഴിക്കാടന്‍ വീട്ടില്‍ ഹംസ മുസ്‌ലിയാരുടെ വീട്ടിലേക്കാണ് കഴിഞ്ഞദിവസം രാവിലെ രാജവെമ്പാലയെത്തിയത്. ഗൃഹനാഥന്‍ നിസ്‌കാരം കഴിഞ്ഞ് മുറിയില്‍ നിന്നും പുറത്തു വരുമ്പോഴാണ് തുറന്ന് കിടന്നിരുന്ന വാതിലിലൂടെ കൂറ്റന്‍ രാജവെമ്പാല ഹാളിനകത്ത് കയറിയത്. ആളെ കണ്ടതോടെ പാമ്പ് ഗോവണിക്കടിയിലേക്ക് കയറിക്കൂടി.ഇതോടെ വീട്ടുകാരും പരിഭ്രാന്തിയിലായി. ചെറി കുട്ടികള്‍ വരെ വീട്ടിലുണ്ടായിരുന്നു. ഉടന്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. ദ്രുത പ്രതികരണ സേനയെത്തി കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടി കൂടി. ഈ പ്രദേശത്ത് ആദ്യമായാണ് രാജവെമ്പാലയെ കാണുന്നതെന്ന് വീട്ടുകാര്‍ പറയു ന്നു. ബീറ്റ് ഫോറസ്റ്റര്‍മാരായ നിതിന്‍, അഖില്‍, വാച്ചര്‍മാരായ സുധീഷ്, അന്‍സാര്‍, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്. പിന്നീട് പാമ്പിനെ ശിരുവാണി കാട്ടില്‍ വിട്ടതായി വനപാലകര്‍ അറിയിച്ചു.