വടക്കഞ്ചേരി: ആളുകളുള്ള വീട്ടില്‍ കടന്ന് പണം കവര്‍ന്ന കള്ളനെ ഓടിച്ച് നാട്ടുകാര്‍. രക്ഷപ്പെട്ട് ഓടുന്നതിനിടെ കള്ളന്‍ പലവീടുകളിലും കയറി. വാണിയമ്പാറ മേലേ ചുങ്കത്ത് തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവങ്ങള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി വരെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കള്ളനെ പിടികൂടാനായില്ല. മേലേചുങ്കം തറയില്‍പറമ്പില്‍ അരുണിന്റെ വീട്ടില്‍ നിന്നാണ് പണം കവര്‍ന്നത്. വീട്ടിലെ ഷെല്‍വെച്ചിരുന്ന 15, 000 രൂപയും എടിഎമ്മും ഡ്രൈവിങ് ലൈസന്‍സും അടങ്ങിയ പഴ്‌സെടുത്ത് ഓടുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. അരുണും വീട്ടുകാരും ഉറങ്ങിയിരുന്നില്ല. ലൈറ്റണയ്ക്കുകയോ വാതില്‍അടയ്ക്കുകയോ ചെയ്തിരുന്നില്ല. നായ കുരയ്ക്കുന്നത് കേട്ട് സംശയം തോന്നി നോക്കിയപ്പോള്‍ അരുണിന്റെ മുറിയില്‍ നിന്നും ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടതായി സഹോദരന്‍ അഖില്‍ പറഞ്ഞു. തുടര്‍ന്ന് ബഹളം വച്ചതോടെ കള്ളന്‍ വീടിന് മുന്നിലുള്ള പറമ്പിലൂടെ ഓടി. നാട്ടുകാരും പിന്നാലെ ഓടി. സമീപത്തുള്ള റബ്ബര്‍ തോട്ടം കടന്ന് ദേശീയപാത ഭാഗത്തേക്ക് കള്ളന്‍ ഓടിയതോടെ ആ ഭാഗത്ത് താമസിക്കുന്ന പെട്ടത്താനും മാര്‍ക്കോസിനെ ഫോണില്‍ വിച്ച് വിവരം പറഞ്ഞു. പരിസരം നിരീക്ഷിക്കുന്നതിനായി മാര്‍ക്കോസും മകന്‍ എബിയും സഹോദഹദരന്‍ ബാബുവും ടെറസിന് മുകളില്‍ കയറി. ടെറസിന്റെ ഓരറ്റത്ത് കസേരയില്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടു. ആരാണെന്ന് ചോദിച്ചപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡുവഴി ചാടി ഇയാള്‍ ഓടി. അരുണിന്റെ വീട്ടില്‍ നിന്ന് ഓടിവന്നയാളാണെന്ന് മനസ്സിലായതോടെ നാട്ടുകാര്‍ ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. വാണിയമ്പാറയ്ക്ക് സമീപമുള്ള കരിപ്പാല്‍ സുരയുടെ വീട്ടിലും കള്ളനെത്തി. ഇവിടെ നിന്ന് ഒരു ലുങ്കി കവര്‍ന്നു. മഞ്ഞവാരിയില്‍ ടാപ്പിങ് തൊഴിലാളിയായ ഷാജിയുടെ ഗേറ്റിനുമുമ്പില്‍ പുലര്‍ച്ചെ നാലുമണിയോടെ കള്ളനെത്തി. ടാപ്പിങിന് പോകാനായി എഴുന്നേറ്റ ഷാജി ഗേറ്റിന് സമീപം ആരാണെന്ന് ചോദിച്ചതോടെ ആള്‍ ഓടി. വടക്കഞ്ചേരി പൊലിസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ പിടികൂടാനായില്ല. ആളുകള്‍ ഉണര്‍ന്നിരിക്കുന്ന സമയത്തും വീട്ടിലെ മോഷണം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.