മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 11 കോടിയുടെ അന്തിമഘട്ട അനുമതി ജനുവരിയില്‍ ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. മണ്ണാര്‍ക്കാട് കിനാതി മൈതാനത്തില്‍ നടന്ന മണ്ണാര്‍ക്കാട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയില്‍ പുതിയ ബ്ലോക്ക് വരുന്നതോടെ കൂടുതല്‍ ചികിത്സാ സൗകര്യമുറപ്പാകും. സംസ്ഥാനത്ത് പാലക്കാട് ഉള്‍പ്പടെ 12 ജില്ലകളിലെ ജില്ലാ ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയ വരെ ചെയ്യാനുള്ള സൗകര്യമുറപ്പാക്കി.
കാര്‍ഷിക മേഖലയില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ മണ്ണാര്‍ക്കാട് മാത്രം 64 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച് 2430 പേര്‍ക്ക് തൊഴിലവസരമുറപ്പാക്കി. 500 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി ആരംഭിച്ചു. അട്ടപ്പാടിയില്‍ 2000 ഹെക്ടറില്‍ മില്ലറ്റ് വില്ലേജ് പദ്ധതി ആരംഭിച്ചു. ഇത്തരത്തില്‍ സംസ്ഥാനം സമഗ്ര മേഖലയിലും മാറ്റങ്ങളുമായി മുന്നോട്ട് പോവുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങളെ ചേര്‍ത്തു പിടിക്കുകയാണെന്നും ജനങ്ങളുടെ നിര്‍ദേശങ്ങള്‍ കരുത്തോടെ വിഭാവനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടന്നു വരുന്ന നവകേരള സദസ്സ് ജനാധിപത്യത്തില്‍ പുതിയ തുടക്കമാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. ജനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമായി ചേര്‍ന്നു നില്‍ക്കുന്നെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് മാറി. ഇത്തരത്തില്‍ കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ വസ്തുനിഷ്ഠമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.