കാഞ്ഞിരപ്പുഴ : ഡാം റിസര്‍വേയര്‍ ഭാഗത്ത് കുമിഞ്ഞ് കൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യം ഗ്രീന്‍ റെസ്‌ക്യു ആക്ഷന്‍ ഫോഴ്‌സ് (ഗ്രാഫ്) പ്രവര്‍ത്തകര്‍ അധികൃതരുടെ അനുമതി യോടെ നീക്കം ചെയ്തു. ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ പ്ലാസ്റ്റിക് കുപ്പികള്‍ അല ക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത വര്‍ധിച്ചതോടെയാണ് അണക്കെട്ടിനുള്ളില്‍ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞത്. അണക്കെട്ടിനും ജലാശയത്തിനുമിടയിലാണ് മാലിന്യം അടിഞ്ഞ് കൂടിയിരുന്നത്. സന്ദര്‍ശകര്‍ക്ക് കുടിവെള്ള കുപ്പികളും മറ്റും നിക്ഷേപിക്കാന്‍ ഉദ്യാനത്തിന്റെ പലഭാഗങ്ങളിലും ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുടുംബശ്രീ നേതൃത്വം നല്‍കുന്ന ഉദ്യാന പരിപാലന സംഘം ഇവ ദിവസേന നീക്കം ചെയ്യുന്നുമുണ്ട്. എന്നാല്‍ അണക്കെട്ടിന് മുകളില്‍ കയറുന്നവര്‍ ജലാശയത്തിലേക്ക് വലിച്ചെറിയുന്ന മാലിന്യം നീക്കം ചെയ്യാനാണ് ബുദ്ധിമുട്ട്. സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ള കിഴുക്കാംതൂക്കായ ഭാഗ ങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് അതീവദുഷ്‌കരമാണ്. ഇക്കാര്യമറിഞ്ഞാണ് പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മയായ ഗ്രാഫ് പ്രവര്‍ത്തകര്‍ ഇടപെട്ടത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഇരുപതിലധികം സന്നദ്ധപ്രവര്‍ത്തകരെത്തിയാണ് മാലിന്യം ശേഖരിച്ചത്. കുപ്പികള്‍, ചെരിപ്പുകള്‍, കവറുകള്‍ എന്നിങ്ങനെ രണ്ട് മണിക്കൂര്‍ നേരം കൊണ്ട് കുന്നോളം മാലിന്യമാണ് ജലസംഭരണിയുടെ ഭാഗത്ത് നിന്നും ഗ്രാഫ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തത്. ഉദ്യാനം സന്ദര്‍ശിക്കാനെത്തിയവരെ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരിക്കുകയും ചെയ്തു. മാലിന്യം ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.ശുചീകരണ പ്രവര്‍ത്തി കെ.ശാന്തകുമാരി എം.എല്‍.എ ഉദ്ഘാ ടനം ചെയ്തു. മാലിന്യനീക്കത്തിന് മുന്നിട്ടിറങ്ങിയ ഗ്രാഫ് പ്രവര്‍ത്തകരെ എം.എല്‍.എ അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ എസ്.വിജു, അഡ്വ.പി.സി.മാണി, ഗ്രാഫ് പ്രസിഡന്റ് ആര്‍.ബി.രതീഷ്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് മാളിക്കുന്ന്, ട്രഷറര്‍ വാഴയില്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
