പാലക്കാട്: അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും ഒരുക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന അഭയ കിരണം ക്ഷേമപദ്ധതിയിലൂടെ ജില്ലയില്‍ 238 പേര്‍ക്ക് ആശ്വാസമേകി. 2017-18 സാമ്പത്തിക വര്‍ഷം ആരംഭിച്ച പദ്ധതിയിലൂടെ ആറ് വര്‍ഷങ്ങളിലായി 20.20 ലക്ഷം രൂപയാണ് ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തത്. പ്രതിമാസം 1000 രൂപയാണ് പദ്ധതി വഴി നല്‍കുന്നത്. ജില്ലയില്‍ 2017-18 ല്‍ 14 ഗുണഭോക്താക്കള്‍ക്ക് 84,000 രൂപയും 2018-19 ല്‍ 14 പേര്‍ക്ക് 2,46,600 രൂപയും 2019-20 ല്‍ 71 പേര്‍ക്ക് 4,62,600 രൂപയുമാണ് നല്‍കിയത്. 2020-21 ല്‍ 49 പേര്‍ക്ക് 2,99,000 രൂപ, 2021-22 ല്‍ 41 പേര്‍ക്ക് 5,66,000 രൂപ, 2022-23 ല്‍ 49 പേര്‍ക്ക് 3,63,000 രൂപയും നല്‍കി.
50 ന് മുകളില്‍ പ്രായമുളള വിധവകളും അവരെ നോക്കുന്ന ബന്ധുക്കളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. സര്‍വീസ് പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരാകരുത്. വിധവയെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കി വരുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരാകരുത്. മുന്‍ വര്‍ഷങ്ങളില്‍ സഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. സംരക്ഷണം നല്‍കുന്ന ബന്ധുവിന്റെയും വിധവയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് വേണം.
പദ്ധതിയിലേക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം
അഭയകിരണം പദ്ധതിയിലേക്ക് ഡിസംബര്‍ 15 നകം www.schemes.wcd.kerala.gov.in മുഖേനെ ഓണ്‍ലൈനായി അപേക്ഷിക്കാനാകും. നേരത്തെ ധനസഹായം ലഭിച്ചവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2911098.