പാലക്കാട് : വിനോദ സഞ്ചാരവകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രാവണപൊലിമ- ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കെ. ബാബു എം.എല്‍.എ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയ്ക്ക് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. പാലക്കാടിന്റെ മുഖമുദ്രയായ ടിപ്പുസുല്‍ത്താന്‍ കോട്ടയും ഓണത്തുമ്പിയും കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിരകളി, കഥകളി, വള്ളംകളി തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ശ്രാവണ പൊലിമ എന്ന പേര് നിര്‍ദ്ദേശിച്ചത് കൊല്ലങ്കോട് സ്വദേശി എന്‍. ഭാസ്‌കരനും ലോഗോ രൂപകല്‍പ്പന ചെയ്തത് തേങ്കുറുശ്ശി സ്വദേശിനി കെ. ഭാവനയുമാണ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, ഓണാഘോഷ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.ആര്‍. അജയന്‍ എന്നിവര്‍ പങ്കെടുത്തു.