മണ്ണാർക്കാട്: നൂറ്റി ഇരുപത്തിയഞ്ചു വർഷം പഴക്കമുള്ള വീട്ടിൽ താമസിക്കുന്ന നൂറു ശതമാനം കാഴ്ചയില്ലാത്ത വ്യക്തി, ലൈഫ് മിഷൻ പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം ഭവന നിർമ്മാണാനുകൂല്യത്തിന് അനർഹനാണെങ്കിൽ ജനകീയാസൂത്രണ പദ്ധതിയിലോ മറ്റോ ഉൾപ്പെടുത്തി വീട് പുനരുദ്ധരിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ചെത്തല്ലൂർ പുത്തൻവാരിയത്തിൽ പി. വി. ശ്രീധരനെ സാമ്പത്തികമായി സഹായിക്കാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഇക്കാര്യം പരിശോധിച്ച് ഒരു മാസത്തിനകം പരാതിക്കാരനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അറുപത്തിയാറു വയസ്സുള്ള പരാതിക്കാരനടങ്ങുന്ന കുടുംബത്തിന് അഞ്ഞൂറ്റിപ്പതിനാറു അടി വിസ്തീർണ്ണമുള്ള വാസയോഗ്യമായ വീടുണ്ടെന്ന് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ തന്റെ വീട് ചിതൽ പിടിച്ച് നശിക്കുകയാണെന്നും തന്റെ റേഷൻകാർഡിൽ ഉൾപ്പെട്ട മൂന്നുപേരും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരാണെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഒരു വീട് നിർമ്മിക്കാത്തതെന്നും പരാതിക്കാരൻ അറിയിച്ചു.