പാലക്കാട്:കാര്‍ഷിക ജില്ലയായ പാലക്കാടിന്റെ  കാര്‍ഷിക ഉല്പാദന മേഖലയ്ക്ക് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിലെ നിലവിലെ ഭരണസമിതിയുടെ 2020-2021 വര്‍ഷത്തെ അവസാനത്തെ ബജറ്റിലാണ് മുന്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തോടൊപ്പം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി ഫണ്ട് വകയിരുത്തിയിരിക്കുന്നത്. ബജറ്റില്‍ 147.78 കോടിയുടെ വികസനപദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഇഇതിനു പുറമെ സേവനമേഖലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന 106 കോടിയുടെ കിഫ്ബി പദ്ധതിയുടെ ഡി.പി.ആറും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസാണ് ബജറ്റ് അവതരിപ്പിച്ചത്.
ഉല്പാദന മേഖലയ്ക്കായി 25 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. നെല്‍കൃഷി സംരക്ഷണത്തിനായുള്ള സമൃദ്ധി പദ്ധതിക്കായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പച്ചക്കറി തൈകള്‍, വിത്തുകള്‍ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ടിഷ്യു കള്‍ച്ചറിംഗ്, കോള്‍ഡ് സ്റ്റോറേജ്, ഡ്രൈയറോടു കൂടിയ ആധുനിക ഗോഡൗണുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. കൂടാതെ പോത്തുണ്ടി ഡാമില്‍ ഫ്ളോട്ടിംഗ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്കും തുടക്കമിടും.
വെള്ളപ്പൊക്കവും കൊടും വരള്‍ച്ചയുമുള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഏറ്റവും കടുത്ത ആഘാതമനുഭവിക്കുന്ന ജില്ലയാണ് പാലക്കാട്. അതിനാല്‍ ചിറ്റൂരില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ഭാരതപ്പുഴയുടെ നീര്‍ത്തടങ്ങളില്‍ പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങളില്‍ ഉഷ്ണമാപിനിയും മഴമാപിനിയും സ്ഥാപിക്കും. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി മഴക്കൊയ്ത്തിനുള്ള വിവിധ പദ്ധതികളും നടപ്പിലാക്കും. പ്രകൃതി സൗഹൃദ വികസന പദ്ധതികള്‍ക്കായി അഞ്ച് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

വിദ്യാലയങ്ങളില്‍ സോളാര്‍ പാനലുകള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ സ്മാര്‍ട് ക്ലാസ് റൂമുകളായതിനാല്‍ വലിയ തോതില്‍ വൈദ്യുതി ആവശ്യമാണ്. വിദ്യാലയങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ആവശ്യങ്ങള്‍ക്ക് പരിഹാരം കാണും. വിദ്യാഭ്യാസ മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഹരിശ്രീ,വിജയശ്രീ പദ്ധതികളുടെ ഫലമായി ജില്ലയിലെ വിജയശതമാനം 96 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതികളുടെ തുടര്‍ച്ചയ്ക്കു പുറമെ കമ്പ്യൂട്ടര്‍ വിതരണം, ഫര്‍ണീച്ചര്‍ വിതരണം, ബാലികാ സൗഹൃദ ശുചിമുറികള്‍, കലാ ക്ായിക മുന്നേറ്റം പദ്ധതികളും തുടരും.

എം.ആര്‍.ഐ സ്‌കാനിംഗ് ആരംഭിക്കും

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ ആശുപത്രിയില്‍ എം.ആര്‍.ഐ സ്‌കാനിംഗ് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയിലെ വൃക്ക രോഗികളെ സഹായിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടേയും മറ്റ് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടേയും സംഭാവനകളും ട്രസ്റ്റ് സമാഹരിക്കും.

ധനരാജിന്റെ ഓര്‍മയില്‍ ജില്ലയ്ക്കൊരു ഫുട്ബോള്‍ ടീം

അന്തരിച്ച ഫുട്ബോള്‍ താരം ധനരാജിന്റെ സ്മരണയില്‍ ‘ജില്ലയ്ക്കൊരു ഫുട്ബോള്‍ ടീം’ ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിക്കുക. സാംസ്‌ക്കാരിക പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. നാടന്‍ കലാരൂപങ്ങളായ പൊറാട്ടു നാടകം, കണ്യാര്‍കളി, കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങി വിദ്യാഭ്യാസ ഉപജില്ലകളുടെ അടിസ്ഥാനത്തില്‍ കലാരൂപങ്ങള്‍ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും. ക്യാംപസ് തിയേറ്റര്‍, സിനിമാ നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കുകയും ഷോര്‍ട് ഫിലിം മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും.

പട്ടികജാതി-പട്ടികവര്‍ഗ പദ്ധതികള്‍

സംസ്ഥാനത്ത് പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ലയില്‍ നിലവില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പുറമെ പട്ടികജാതി വനിതകള്‍ക്കായി നഴ്സിംഗ് പരിശീലന പദ്ധതിയും നടപ്പിലാക്കും. പട്ടികവര്‍ഗ വികസനത്തിനായി ഊരുകൂട്ട വളണ്ടിയര്‍മാരെ നിയമിക്കും. അട്ടപ്പാടിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിക്കായി ഒരു കോടി രൂപ മാറ്റിവെക്കും.

ഇക്കോ കള്‍ച്ചറല്‍ ടൂറിസം

ജില്ലയുടെ പ്രകൃതി സൗന്ദര്യത്തേയും സാംസ്‌ക്കാരിക പാരമ്പര്യത്തേയും ഉയര്‍ത്തിപ്പിടിച്ച് ഇക്കോ കള്‍ച്ചറല്‍ ടൂറിസം പദ്ധതിക്ക് രൂപം നല്‍കും. വിനോദസഞ്ചാര ഭൂപടം തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് ഡി.പി.ആര്‍ തയ്യാറാക്കും. പത്ത് ലക്ഷം രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!