മണ്ണാര്‍ക്കാട്: മഴയെ തുടര്‍ന്ന് ശുചീകരണ-കാര്‍ഷിക പ്രവര്‍ത്തികള്‍ കൂടുതല്‍ ഊര്‍ജിത മായി നടക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെ ഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയ വയുടെ മൂത്രവും വിസര്‍ജ്യങ്ങളും വഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്ര വും വിസര്‍ജ്യവും വഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗം ഉണ്ടാവുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ വൃത്തിയാക്കുന്നവര്‍ തുടങ്ങിയവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
എലിപ്പനി ലക്ഷണങ്ങള്‍
- ക്ഷീണത്തോടെയുള്ള പനി
- തലവേദന
- പേശി വേദന
- കണ്ണില്‍ ചുവപ്പ്
- മൂത്രക്കുറവ്
- മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍
എലിപ്പനി പ്രതിരോധ മാര്‍ഗങ്ങള്‍
- കാര്‍ഷിക-ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കട്ടിയുള്ള ഗംബൂട്ടുകള്‍, കൈയ്യുറകള്‍ എന്നിവ ധരിക്കുക
- കൈകാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവുള്ളവര്‍ മുറിവ് ഉണങ്ങുന്നതുവരെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്
- ജോലിയുടെ ഭാഗമായി ഈ പ്രവര്‍ത്തികള്‍ ഒഴിവാക്കാനാവില്ലെങ്കില്‍ ആന്റിസെപ്റ്റിക് ഓയിന്‍മെന്റ് വച്ച് മുറിവ് ഡ്രസ് ചെയ്തതിനുശേഷം ഗംബൂട്ടുകളും കൈയ്യുറകളും ധരിച്ച് ജോലിക്ക് പോവുക. ജോലി കഴിഞ്ഞുവന്ന് വീണ്ടും അതുപോലെ ഡ്രസ് ചെയ്യുക.
- ജോലി ചെയ്യുന്ന കാലയളവില്‍ എലിപ്പനിക്കെതിരെയുള്ള രോഗപ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ ഗുളികകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കുക.
- കെട്ടിക്കിടക്കുന്ന ജലത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് കഴിവതും ഒഴിവാക്കുക. പ്രത്യേകിച്ചും മുറിവുള്ളപ്പോള്‍.
- പെട്ടെന്നുള്ള മഴയില്‍ നഗരപ്രദേശങ്ങളില്‍ ഓടകള്‍ നിറഞ്ഞു കവിയുന്ന വെള്ളത്തിലൂടെയും എലിപ്പനി പകരാന്‍ സാധ്യതയുണ്ട്.
- ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കാതിരിക്കുക
- എലി നശീകരണത്തിന് കൂട്ടായ നടപടികള്‍ എടുക്കുക
- പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മലമൂത്രാദികള്‍ വ്യക്തിസുരക്ഷയോടെ കൈകാര്യം ചെയ്യുക
- സംഭരണ ടാങ്കുകളിലെ ജലത്തില്‍ എലിക്കാഷ്ടം, മൂത്രം എന്നിവ വീഴുന്നില്ലെന്ന് ഉറപ്പുവരുത്തുക
- മൃഗപരിപാലന ജോലികള്‍ ഏര്‍പ്പെടുന്നവരും കട്ടിയുള്ള റബ്ബര്‍ ബൂട്ടുകളും (ഗം ബൂട്ടുകള്‍) കൈയ്യുറകളും ഉപയോഗിക്കുക
- കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക, ഇത് പ്രത്യേകം തയ്യാറാക്കിയ കുഴിയിലേക്ക് ഒഴുക്കുക
- ആഹാരസാധനങ്ങളും കുടിവെള്ളങ്ങളും എലികളുടെ വിസര്‍ജ്യ വസ്തുക്കള്‍ വീണ് മലിനമാകാതിരിക്കാന്‍ എപ്പോഴും മൂടിവയ്ക്കുക
സ്വയം ചികിത്സ അപകടകരം
എലിപ്പനിയുടെ ഭാഗമായി മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കൂടി കാണിക്കുമെന്നുള്ളതിനാല്‍ മഞ്ഞപ്പിത്തം ആണെന്ന് തെറ്റിദ്ധരിച്ച് നാടന്‍ ചികിത്സകളും മറ്റും ചെയ്യുന്നത് അപകടകരമാണ്. അതുകൊണ്ട് സ്വയം ചികിത്സ ചെയ്യാതെ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടാന്‍ ശ്രദ്ധിക്കണം. പനിയും മറ്റുമായി ചികിത്സ തേടുമ്പോള്‍ മലിനജലവുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍ അത് ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേകം അറിയിക്കുക.