മണ്ണാര്‍ക്കാട്: എട്ടാമത് സംസ്ഥാന അണ്ടര്‍ 15 പുരുഷ-വനിത റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ മെയ് 19,20 തിയതികളില്‍ മണ്ണാര്‍ക്കാട് ബൈപ്പാസ് റോഡിലുള്ള ബ്രിജസ് ടര്‍ഫ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ദേശീയ സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 600ലധികം ഗുസ്തി താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.ആദ്യ ദിവസം ഗ്രീക്കോ റോമന്‍,വനിത വിഭാഗം മത്സരത്തില്‍ 20 മെഡലുകള്‍ക്കായി മുന്നൂറോളം മത്സരാര്‍ത്ഥികളും രണ്ടാം ദിവസം ഫ്രീസ്‌റ്റൈല്‍ മത്സരത്തില്‍ പത്ത് മെഡലുകള്‍ക്കായി മുന്നൂറോളം താരങ്ങളും ഗോദയിലിറങ്ങും.അന്താരാഷ്ട്ര റഫറിയും റെസ്ലിംഗ് ഫെഡറേഷന്‍ സെക്രട്ടറി ജനറ ലുമായ വി.എന്‍ പ്രസൂദ് കോമ്പിറ്റീഷന്‍ ഡയറക്ടറുമായിട്ടുള്ള മത്സരത്തില്‍ പ്രമുഖരായ ദേശീയ റഫറിമാര്‍ ഉള്‍പ്പടെ മത്സരങ്ങള്‍ നിയന്ത്രിക്കാനുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.ഇത് നാലാം തവണയാണ് മണ്ണാര്‍ക്കാട് സംസ്ഥാന തലമത്സരത്തിന് വേദിയാകുന്നത്.
കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തില്‍ എത്തുന്ന അമ്പത് ശതമാനത്തില ധികം ഗുസ്തി താരങ്ങളും മത്സരങ്ങള്‍ക്കും പരിശീലനത്തിനും ഭൗതിക സാഹചര്യങ്ങ ള്‍ക്കും പരിമിതമായ മണ്ണാര്‍ക്കാടും ചിറ്റൂരും പോലെയുള്ള പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.സംസ്ഥാന സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയവരില്‍ മണ്ണാര്‍ക്കാട് നിന്നുള്ള രണ്ട് ദേശീയ മെഡല്‍ ജേതാക്കള്‍ ഇടം നേടിയിട്ടുണ്ട്.പ്രൊഫ. കെ.ജെ ജോസഫിന്റെ നേതൃത്വത്തില്‍ നാല് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ റെസ്ലിംഗ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒട്ടനവധി ഗുസ്തി താരങ്ങള്‍ക്ക് കേരള പൊലിസ്, ഇന്ത്യന്‍ ആര്‍മി, നേവി, മറ്റ് പി.എസ്.സി ജോലിയും കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈയൊരു പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടാണ് വീണ്ടും മണ്ണാര്‍ക്കാട് ഒരു സംസ്ഥാന തല മത്സരത്തിന് വേദിയാവുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ആദ്യദിന മത്സരങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.സംഘാടക സമിതി ചെയര്‍മാന്‍ ഡോ.കെ.എ.കമ്മാപ്പ അധ്യക്ഷനാകും.വിജയികള്‍ക്ക് വൈകീട്ട് ആറ് മണിക്ക് ഡി.വൈ.എസ്.പി. ഫി റോസ്.എം.ഷഫീഖ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.രണ്ടാം ദിന മത്സരങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.സമാനപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ മെഡലുകളും ട്രോഫിയും സമ്മാനിക്കും.മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചിട്ടുള്ളതായും സംഘാടകര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ടി.എം.അബ്ദുള്‍ അലി, മന്‍സൂര്‍ കളത്തില്‍,കെ.ഹംസ, എന്‍.വി .ഷബീര്‍,കെ.വിനയന്‍,ദേവദാസ്,ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.