മണ്ണാര്‍ക്കാട്:ഏഴാം ശമ്പള പരിഷ്‌കരണം ഉടന്‍ ലഭ്യമാക്കുക,2016 മുതല്‍ 2019 വരെയുള്ള ശമ്പളപരിഷ്‌കരണ കുടിശ്ശിക റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഫഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് അസോസി യേഷന്‍ പ്രതിഷേധ സംഗമം നടത്തി.എംഇഎസ് കല്ലടി കോളേജിന് മുന്നില്‍ നടന്ന സംഗമം സി.കെ.സി.ടി സംസ്ഥാന ജനറല്‍ സെക്ര ട്ടറി പ്രൊഫ. പി.എം സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്ര ട്ടറി ഡോ.ടി.സൈനുല്‍ ആബിദ്, യൂണിറ്റ് സെക്രട്ടറി പ്രൊഫ. മൊയ്തീന്‍ ഒ.എ, പ്രൊഫ.മുജീബ് റഹ്മാന്‍,പ്രൊഫ. എ.സജ്‌ന എന്നിവര്‍ സംസാരിച്ചു.സമരത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഭീമഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സികെസിടി ഭാരവാഹികള്‍ അറി യിച്ചു.
2013 മുതല്‍ അനുവദിച്ച പുതിയ എയ്ഡഡ് കോഴ്‌സുകള്‍ക്ക് ഇതുവരെ തസ്തിക നിര്‍ണയം നടത്തിയിട്ടില്ലെന്നും എത്രയോ അധ്യാപകര്‍ ആ പോസ്റ്റുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഗസ്റ്റ് അധ്യാപകരായി ജോലിചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണെന്ന് സികെസിടി ഭാരവാഹികള്‍ പറഞ്ഞു. 2016 ല്‍ നടപ്പാക്കിയഏഴാം ശമ്പള പരിഷ്‌കരണത്തോടൊപ്പം ലഭിക്കേണ്ട ശമ്പളകുടിശ്ശികയുടെ കാര്യത്തിലെ തീരുമാനം എന്താണെന്ന് പറയാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
കോളേജുകളില്‍ കാലങ്ങളായി നിലവിലുള്ളതും നിരവധി അധ്യാപകര്‍ ജോലി ചെയ്തു വരുന്നതുമായ പി.ജി.കോഴ്‌സുകളുടെ വര്‍ക്ക് ലോഡ് വെട്ടിച്ചുരുക്കിയതിലൂടെ ധാരാളം അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.രണ്ട് കോളേജ് അധ്യാപകര്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ പകുത്തു നല്‍കിയ വിദ്യാഭ്യാസ വകുപ്പിലാണ് കോളേജ് അധ്യാപകര്‍ ഇത്രയും വലിയ നീതിനിഷേധം സഹിക്കേണ്ടിവരുന്നത് എന്നതാണ് ഏറെ പരിതാപകരമെന്ന് പ്രതിഷേധ സംഗമം ചൂണ്ടിക്കാട്ടി. കോളേജ് അധ്യാപകരുടെ നിലവിലുള്ള തസ്തികകള്‍ അന്യായമായി വെട്ടിക്കുറക്കുകയും ഏഴാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാതെ തുടര്‍ച്ചയായി അവ്യക്തമായ ഉത്തരവുകള്‍ ഇറക്കി സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരെ അപമാനിക്കുകയാണെന്നും പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി.