മണ്ണാര്‍ക്കാട്: ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എ ക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് ഇത്. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. അതിനെക്കാ ള്‍ ഇരട്ടിയോളം വര്‍ധനവാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. കൂടുതല്‍ സ്ഥാപനങ്ങള്‍ ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും ലഭ്യമാക്കാനും ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സാധിച്ചിട്ടുള്ളതിന്റെ തെളിവ് കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 19.08 കോടി, പിഴതുകയായി 2.72 കോടി, അഡ്ജ്യൂഡിക്കേറ്റിംഗ് ഓഫീസര്‍ വഴിയുള്ള പിഴയായി 1.27 കോടി, കോടതി വഴിയുള്ള പിഴയായി 10.67 ലക്ഷം, വാര്‍ഷിക റിട്ടേണായി 4.42 കോടി, സാമ്പിള്‍ പരിശോധന 1.34 കോടി രൂപ എന്നിങ്ങനെയാണ് വരുമാനം നേടിയത്.

      ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പയിന്‍ ആവിഷ്‌ക്കരിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ, ഓപ്പറേഷന്‍ ഓയില്‍ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു.

      ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കാന്‍ അനുമതി നല്‍കി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, അറവ് ശാലകള്‍ക്ക് ക്ലീന്‍ ആന്റ് സേഫ് ക്യാമ്പയിന്‍, ഹൈജീന്‍ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നിവയും നടപ്പിലാക്കി വരുന്നു. സംസ്ഥാന വ്യാപക പരിശോധനകള്‍ക്കായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. ആദ്യമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കി. ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ, വീഡിയോ സഹിതം ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!