പാലക്കാട്: വനം വകുപ്പ് പിടികൂടി പരിശീലനം നല്‍കുന്ന പി.ടി സെവനെന്ന ധോ ണിയെ കാണാന്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ധോണി ക്യാമ്പിലെ ത്തി. ആനയെ പിടികൂടിയ 80-ാമത് ദിവസമാണ് മന്ത്രി ക്യാമ്പ് സന്ദര്‍ശിക്കുന്നത്. വനം വകുപ്പിന്റെ പരിചരണത്തിലുള്ള ധോണി ആരോഗ്യവാനാണെന്നും വനം വകുപ്പ് പിടികൂടി വന്യജീവി സങ്കേതത്തില്‍ എത്തിക്കുന്ന ആന ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ക്രൂരമായ പീഡനത്തിന് ഇരയാവുന്നുവെന്ന പ്രചാരണത്തില്‍ വസ്തുതയില്ലെന്നും മന്ത്രി പറഞ്ഞു.

സ്വന്തം മക്കളെ നോക്കുന്നത് പോലുള്ള പരിചരണമാണ് ഇവിടെ അവയ്ക്ക് ലഭിക്കുന്ന തെന്നും ഇവരുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മന്ത്രി പ്രതികരിച്ചു. ആനക്ക് പീഡനമേറ്റെന്ന രീതിയില്‍ ചിലര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത് ശരിയായ നിലപാടല്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കുകയും പരിഹരിക്കപ്പെടുകയും വേണമെന്നതാണ് നിലപാട്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ടി വരുന്നത്. ഇത് മനുഷ്യനെയും വന്യജീവിയെയും സംരക്ഷിക്കുന്ന നിലപാടാണെന്നും ഇത് കൃത്യമായി നടക്കുന്നുണ്ടോ എന്ന പരിശോധനയുടെ ഭാഗമായാണ് ധോണി ക്യാമ്പില്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ ജനങ്ങള്‍ക്കുള്ളത് സ്വാഭാവികമായ ആശങ്കയാണ്.  അരിക്കൊമ്പന്‍ വിഷയത്തില്‍ ഏറ്റവും സ്വീകാര്യമായ നിലപാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. കോടതിയും വിദഗ്ധസമിതിയുമാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. അരിക്കൊമ്പന്‍ വിഷയം കോടതി നാളെ പരിഗണിക്കാനിരിക്കെ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്ന് കരുതുന്നില്ല. വിഷയത്തില്‍ നിരവധി നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. അവ അഡ്വക്കേറ്റ് ജനറല്‍ നിയമജ്ഞനുമായി ആലോചിച്ച് പക്ഷം പിടിക്കാതെയുള്ള സമീപനമാണ് സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. 

പ്രശ്‌നത്തിന് യുക്തമായ പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്. അരിക്കൊമ്പന്‍ ജനങ്ങളുടെ പ്രശ്‌നമാണ്. അവര്‍ കോടതി മുഖേന നീതി തേടുന്നത് തെറ്റായ നടപടിയല്ല. വിഷയ ത്തില്‍ സര്‍ക്കാറിനോട് കോടതി അഭിപ്രായം ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കോടതിയുടെ തീരുമാനം കാത്തിരിക്കുന്ന ജനങ്ങളുടെ അതേ സമീപനമാണ് സര്‍ക്കാരിനുള്ളത്. കോടതിയുടെ തീരുമാനത്തിനനുസരിച്ച് യുക്തിപരമായ നടപടികള്‍ സ്വീകരിക്കും. ആനയ്ക്കുള്ള റേഡിയോ കോളര്‍ ലഭിക്കുന്ന ഏക സ്ഥലം ആസാം ആണ്. അവിടെയുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടാല്‍ മാത്രമേ കേരളത്തില്‍ എത്തിക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!