അകത്തേത്തറ: ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ശുചിത്വ, മാലിന്യസംസ്‌കരണ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം. പാലക്കാട് ജില്ലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് തിരുവനന്തപുരത്ത് ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച ശുചിത്വ സംഗമത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീനില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്‍, സെക്രട്ടറി എം. ആനന്ദ്, റിസോഴ്‌സ്‌പേഴ്‌സണ്‍ സതീഷ് കുമാര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രശസ്തിപത്രവും ട്രോഫിയും മൂന്നു ലക്ഷം രൂപയും ഉള്‍പ്പെടുന്നതാണ് മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് . ജനകീയാസൂത്രണം തുടങ്ങിയ കാലം മുതല്‍ ശുചീകരണം, മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ പ്രാധാന്യം നല്‍കിയിരുന്നു. 2006 മുതല്‍ ഒരുലക്ഷത്തിലേറെ മരങ്ങളാണ് ഗ്രാമപഞ്ചായത്തില്‍ നട്ടു പരിപാലിക്കുന്നത്.

28 അംഗ ഹരിതകര്‍മ്മസേന

പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി 28 അംഗങ്ങളുള്ള ഹരിത കര്‍മ്മസേനയാണ് വീടുകളില്‍ നിന്ന് അജൈവമാലിന്യം ശേഖരിച്ച് ഗ്രാമപഞ്ചായത്തിലെ രണ്ട് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകളില്‍ എത്തിക്കുന്നത്. ഇത് പൊടിച്ച് ടാറില്‍ ഉള്‍പ്പെടുത്തുന്നതിന് നല്‍കു കയാണ്. വര്‍ഷത്തില്‍ പതിനായിരത്തിലധികം കിലോ പൊടിച്ച പ്ലാസ്റ്റിക്കാണ് കിലോയ്ക്ക് 20 രൂപ നിരക്കില്‍ നല്‍കുന്നത്. കൂടാതെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും ശേഖരിക്കുന്ന  ജൈവ മാലിന്യം വളമാക്കി കര്‍ഷകര്‍ക്ക് കിലോ യ്ക്ക് 10 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്.പഞ്ചായത്ത് പരിധിയിലുള്ള മൂന്ന് സ്‌കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഗ്യാസ് ഇത്തരത്തിലാണ് ലഭിക്കുന്നത്. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയുടെ സാങ്കേതിക സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാ ക്കുന്നത്. പഞ്ചായത്തിന് വിട്ടുകിട്ടിയ മുഴുവന്‍ സ്ഥാപനങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം കൃത്യമായി നടപ്പാക്കുന്നുണ്ട്.

ഉറവിട മാലിന്യ സംസ്‌കരണത്തിനും പ്രാധാന്യം

800 വീടുകളില്‍ പൈപ്പ് കമ്പോസ്റ്റിങും 600 വീടുകളില്‍ കിച്ചന്‍ വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക സബ്‌സിഡിയോടെ ഒരുക്കി കൊടുത്തിട്ടുണ്ട്. തൊഴി ലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി വീടുകളില്‍ കമ്പോസ്റ്റ് കുഴിയും നിര്‍മിച്ചിട്ടുണ്ട്.

പ്രളയാനന്തര പുനര്‍നിര്‍മ്മാണം

പ്രളയ സമയത്ത് തോടുകള്‍ കരകവിഞ്ഞ് അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചിറ്റൂര്‍ ഗവ. കോളേജിലെയും അകത്തേത്തറ എന്‍ജിനീയറിങ് കോളേജിലെയും വിദ്യാര്‍ഥികളുടെ സഹക രണത്തോടെ ഫ്‌ളഡ് മാപ്പിംഗ് നടത്തി. കല്‍പ്പാത്തി പുഴയുടെ കയ്യേറ്റം തടഞ്ഞ് പുഴയോര സംരക്ഷണത്തിനായി മുളത്തൈകള്‍ വച്ചു പിടിപ്പിച്ചു. കൂടാതെ പഞ്ചായത്ത് പരിധിയിലെ തോടുകള്‍, കുളങ്ങള്‍ വൃത്തിയാക്കുകയും നിരവധി പുതിയ കുളങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഓരോ വര്‍ഷവും ഗാന്ധിജയന്തി ദിനത്തില്‍ ആയിരത്തിലധികം ജനങ്ങളെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ബഹുജന ശുചീകരണ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും തുണി സഞ്ചി വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്തില്‍ 62 ഏക്കറില്‍ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കൂര്‍ക്ക കൃഷി ചെയ്യുന്നുണ്ട് . വിളവെടുത്ത നാലു കോടിയോളം രൂപയുടെ കൂര്‍ക്കയാണ് വിഎഫ്പിസികെ വഴി വിപണനം ചെയ്തത്. ഫ്‌ളഡ് മാപ്പിലൂടെ കണ്ടെത്തിയ പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി തോടുകളും പുഴകളും വീതി കൂട്ടുന്ന പ്രത്യേക പദ്ധതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. മത്സ്യം, കോഴി, താറാവ് വളര്‍ത്തല്‍, പച്ചക്കറി എന്നിവ ഉള്‍പ്പെടുന്ന സംയോജിതകൃഷി നബാര്‍ഡ് സഹായത്തോടെ നടപ്പിലാക്കാനുള്ള  പദ്ധതിക്കും ഗ്രാമപഞ്ചായത്ത് നടപടി ആരംഭിച്ചു.

ജനങ്ങളുടെയും ഭരണസമിതിയുടേയും സഹകരണത്തോടെയുള്ള  ചിട്ടയായ സംയോജിത പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിലേക്ക് ഗ്രാമപഞ്ചായത്തിനെ നയിച്ചത്. മുഖ്യമന്ത്രിയുടെ അംഗീകാരം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!