പാലക്കാട്: ധോണി ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന പി.ടി 7 കാട്ടു കൊമ്പനെ പിടികൂടാനുള്ള അന്തിമ ഒരുക്കങ്ങള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പി.ടി 7 നെ തളയ്ക്കുന്നതിന് ധോണി ക്യാമ്പില്‍ വനം വകുപ്പ് ഒരുക്കിയ കൂട് സന്ദര്‍ശിച്ചതിന് ശേഷം ക്യാമ്പില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആനയെ മയക്കുവെടി വെച്ച് ചട്ടം പഠിപ്പിക്കാനാണ് ആദ്യ പരിഗണന. പിടികൂടുന്ന ആനയ്ക്കുള്ള കൂട് നിര്‍ മ്മാണം തുടങ്ങി കഴിഞ്ഞു. കാട്ടാനയെ പിടികൂടിയ ശേഷം മാത്രമേ വയനാട് നിന്നുള്ള ദൗത്യസംഘം മടങ്ങൂ എന്നും മന്ത്രി പറഞ്ഞു. റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ എണ്ണം കൂട്ടേണ്ട സാഹചര്യമുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാ ക്കി. ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആരാ ധനാലയങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് ബഫര്‍ സോണ്‍ തീരുമാനിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നയം. ഇതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാറിന്റെ മന്ത്രാലയം ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങള്‍ക്കും കത്തുകള്‍ക്കും സംസ്ഥാനം താമസമില്ലാതെ മറുപടി നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച് കിട്ടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇവ പരിഗണിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് സുപ്രീം കോടതി വിധി വന്നത്. സുപ്രീംകോടതി വിധിയെ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ നേരിടാനാവൂ. അതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, എ. പ്രഭാകരന്‍ എം.എല്‍.എ, വനം വകുപ്പ് ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ് വിജയാനന്ദന്‍, വൈല്‍ഡ് ലൈഫ് സര്‍ ക്കിള്‍ സി.സി.എഫ് ഷബാബ്, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
