വേലന്താവളം: വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 23 ന് രാവിലെ 11.30 ന് കൃഷി മന്ത്രി അഡ്വ. വി.  എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. വേലന്താവളം എ വണ്‍ മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരി അധ്യക്ഷയാകും.

ആരോഗ്യ വകുപ്പിന്റെ ‘എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വ’മെന്ന ആര്‍ദ്രം പദ്ധതിയുമായി സംയോജിപ്പിച്ചാണ് ജീവനി നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, വീട്ടമ്മമാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ ജനകീയ പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ജൈവരീതിയില്‍ ജീവനി പോഷകതോട്ടങ്ങള്‍ പ്രോത്സാഹിപ്പി ക്കാനാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത വിത്തിനങ്ങളുടെ വ്യാപനം, കൃഷി പാഠശാല വഴി പരിശീലനം, സൂക്ഷ്മ ജലസേചനം യൂണിറ്റുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ പരിപാടിയില്‍ 2018- 2019 വര്‍ഷത്തെ ജില്ലാതലത്തില്‍ നേട്ടം കൈവരിച്ച മികച്ച കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടക്കും.

പരിപാടിയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ്. അച്യുതാനന്ദന്‍ വിശിഷ്ടാതിഥി യാകും. മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍ രമ്യ ഹരിദാസ് എം.പി വിതരണം ചെയ്യും. ജില്ലയിലെ എം.എല്‍.എ.മാര്‍, എം.പി.മാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ശ്രീകുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!