അകത്തേത്തറ: കാര്‍ബണിന്റെ അളവ് കുറച്ച് ഓക്സിജന്‍ വര്‍ധിപ്പിച്ച് ഗ്രാമപഞ്ചായത്തിലെ അന്തരീക്ഷം കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള പദ്ധതിയുടെ ഭാഗമായി അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള സര്‍വ്വേ ജനുവരി 18 ന് ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിശീലന കേന്ദ്രമായ തൃശൂര്‍ കിലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ പദ്ധതിക്കായി രണ്ടു ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
വീടുകളും സ്ഥാപനങ്ങളും നേരിട്ട് സന്ദര്‍ശിച്ചുള്ള സര്‍വേയാണ് നടത്തുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അകത്തേത്തറ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് സര്‍വേ നടത്തുന്നത്. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാഹനങ്ങളുടെ എണ്ണം, പഞ്ചായത്തിന്റെ പരിധിക്കുള്ളിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ശരാശരി എണ്ണം എന്നിവ കണക്കാക്കുന്നതിനാണ് വീടുകളിലും സ്ഥാപനങ്ങളിലും സര്‍വേ നടത്തുന്നത്. പിന്നീട് വാഹനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ വഴി പുറംതള്ളുന്ന കാര്‍ബണിന്റെ അളവ് കണക്കാക്കും. ഇത്തരത്തില്‍ പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ അളവിനേക്കാള്‍ കൂടുതല്‍ അളവില്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കുന്ന രീതിയില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2010 മുതല്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെയും മറ്റും ഒരുലക്ഷത്തിലേറെ മരങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ നട്ടു പരിപാലിച്ചു പോരുന്നുണ്ട്. വരും തലമുറയ്ക്കായി
കൂടുതല്‍ മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ച് അന്തരീക്ഷത്തില്‍ ശുദ്ധവായു അളവ് വര്‍ദ്ധിപ്പിക്കുന്നതിനായി ജനങ്ങളെ പങ്കാളികളാക്കുന്ന ബൃഹദ് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്‍ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്തില്‍ മുന്‍പേതന്നെ രൂപീകരിച്ച പ്രവര്‍ത്തക സമിതിയുടെയും ഭരണസമിതി അംഗങ്ങളുടെയും വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും യോഗം ജനുവരി 18 ന് രാവിലെ നടക്കും. തുടര്‍ന്ന് സര്‍വ്വേ നടപടികള്‍ ആരംഭിക്കും. കിലയിലെ ഉദ്യോഗസ്ഥര്‍ സര്‍വേയിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് പ്രത്യേക സോഫ്‌റ്റ്വെയര്‍ സഹായത്തോടെ തുടര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.
മാലിന്യസംസ്‌കരണ രംഗത്തും ജൈവപച്ചക്കറി ഉല്‍പ്പാദന രംഗത്തും മറ്റ് ഗ്രാമപഞ്ചായത്തുകള്‍ക്ക് വരെ മാതൃകയായ നേട്ടം അകത്തേത്തറ ഗ്രാമപഞ്ചായത്ത് കൈവരിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ ആദ്യമായി കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ആവിഷ്‌കരിക്കുന്ന പഞ്ചായത്താണ് അകത്തേത്തറ.