പാലക്കാട്: മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം രണ്ടുഘട്ടമായി നിർമ്മാണം പൂർത്തിയാക്കുന്നതിനായി ഡി.പി.ആർ തയ്യാറായ തായും കൗൺസിൽ തീരുമാനം ജില്ലാ കലക്ടർക്ക് നൽകിയതായും നഗരസഭ അധികൃതർ പാലക്കാട്‌ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു.

നെല്ല് സംഭരണത്തിന് മില്ലുകാർ തയ്യാറാകാത്തതിനാൽ എം.എൽ.എമാർ ചേർന്ന് സപ്ലൈകോ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി എ. പ്രഭാകരൻ എം.എൽ.എ. യോഗത്തിൽ അറിയിച്ചു.

മലമ്പുഴ വൃഷ്ടി പ്രദേശത്തെ ഏഴ് ഇടങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങൾ, മേഴ്സി കോളെജിന് സമീപത്തെ പ്രദേശങ്ങളിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ, കല്ലേപ്പുള്ളി മുതൽ കൊട്ടേക്കാട്, മാതൃഭൂമി ഓഫീസ്, ശങ്കുവാരത്തോട് വരെയുള്ള തോടിൻ്റെ സമീപപ്രദേശങ്ങളിലെ കൈയ്യേറ്റങ്ങൾ എന്നിവ അളന്ന് തിട്ടപ്പെടുത്താനും പുറമ്പോക്കിൽ താമസിക്കുന്നവരെ ഒഴിവാക്കുന്നതിനും ആർ.ഡി.ഒ നിർദ്ദേശം നൽകി.

സ്റ്റേഡിയം ബൈപാസിൽ നിന്ന് ജില്ലാ പഞ്ചായത്ത് ആശുപത്രിക്ക് പിറകിലുള്ള വനിതകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ടീം രൂപീകരിച്ചതായും നഗരസഭാ പരിധിയിലെ റോബിൻസൺ റോഡ്, കോർട്ട് റോഡ്, എന്നിവയുടെ റെസ്റ്റോറേഷൻ പ്രവൃത്തി പൂർത്തീകരിച്ചതായും ടാറിങ് ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

കണ്ണാടി-കാഴ്ചപറമ്പ് ഹൈവേ ജങ്ഷനിലെ സ്റ്റോപ്പിൽ ബസ് ഡ്രൈവർമാർക്ക് ബസ്സുകൾ 15 മീറ്റർ പുറകിൽ നിർത്താൻ നിർദ്ദേശം നൽകുന്നതിനും തീരുമാനമായി.

മേലാമുറി പച്ചക്കറി മാർക്കറ്റിന് പിറകുവശത്തുള്ള മാരിയമ്മൻ കോവിൽ മുതൽ പ്രാഥമികാരോഗ്യകേന്ദ്രം വരെയുള്ള റോഡ് കൊമേഴ്സ്യൽ വാഹനങ്ങൾ പോകുന്നത് ഒഴിവാക്കുന്നതിന് പരിശോധിച്ച് നടപടി സ്വീകരിക്കും.

പാലക്കാട് നഗരസഭയിലെ 200 വർഷം പഴക്കമുള്ള അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ കണ്ടെത്തി പൊളിച്ചുമാറ്റുന്നതിന് നടപടിയെടുക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

മലമ്പുഴയിലെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് പൊതുജനങ്ങൾക്കായി ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം ശുചിമുറി നിർമ്മാണത്തിന് പഞ്ചായത്ത്-ഇറിഗേഷൻ വകുപ്പ്, കലക്ടർ തലത്തിൽ നടപടി സ്വീകരിക്കാൻ യോഗത്തിൽ ആർ.ഡി.ഒ നിർദ്ദേശം നൽകി.

രണ്ടാം വിളക്ക് മുന്നോടിയായി ഡാമുകൾ തുറക്കുന്നതിനു മുൻപ് പ്രധാന കനാലുകളും സബ് കനാലുകളും വൃത്തിയാക്കാനും തീരുമാനമായി.

സ്കൂൾ പരിസരങ്ങളിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ എക്സൈസ് വകുപ്പിന്റെ കർശന നടപടി ഉണ്ടാകണമെന്നും
കോട്ടക്കകത്ത് സ്ഥിതി ചെയ്യുന്ന താലൂക്ക് സപ്ലൈ ഓഫീസ് ശോചനീയാവസ്ഥയിലായതിനാൽ മറ്റൊരു ഭാഗത്തേക്ക് മാറ്റണമെന്നും യോഗം നിർദ്ദേശിച്ചു.

2018 ലെ പ്രളയത്തെ തുടർന്ന് നാശമുണ്ടായ ചാത്തപുരം കൽപ്പാത്തി പുഴയോരത്ത് 45 ലക്ഷം രൂപ ചെലവിൽ സൗന്ദര്യവത്ക്കരണം പൂർത്തിയാകുന്നതായും തെരുവ് വിളക്ക് അടക്കം നവീകരണം നടക്കുന്നതായും ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ അറിയിച്ചു.

താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രകാശ് കാഴ്ചപറമ്പിലിൻ്റെ (വി.കെ ശ്രീകണ്ഠൻ എം.പിയുടെ പ്രതിനിധി) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ. പ്രഭാകരൻ എം.എൽ.എ, പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രബിത, പാലക്കാട് ആർ. ഡി.ഒ അമൃതവല്ലി, തഹസിൽദാർ ടി. രാധാകൃഷ്ണൻ, ഭൂരേഖ തഹസിൽദാർ വിനുരാജ്, താലൂക്കുതല ഉദ്യോഗസ്ഥർ, മറ്റു വകുപ്പ് മേധാവികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!