പാലക്കാട്:ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നായി 250 ഓളം യുവജന ങ്ങളെ ഉള്‍പ്പെടുത്തി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസത്തെ ദേശീയോദ്ഗ്രഥന ക്യാമ്പ് നടക്കും. ഡിസംബര്‍ 20 മുതല്‍ 24 വരെ മലമ്പുഴ ഗിരിവികാസിലാണ് ക്യാമ്പ് നടക്കുക.
സംസ്‌കാരം, ഭക്ഷണം, ഭാഷ, വസ്ത്രധാരണം എന്നിവ പരസ്പരം അറിയാനും അതുവഴി യുവതയിലൂടെ സാഹോദര്യവും സമത്വവും രൂപപ്പെടുത്തുക ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തുക. ക്യാമ്പില്‍ ഒ.വി വിജയന്‍ സ്മാരകം, ശബരി ആശ്രമം, ടിപ്പു സുല്‍ത്താന്‍ കോട്ട ഉള്‍ പ്പെടെ ജില്ലയിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് അവസരം ഉണ്ടാകും. ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് അക്കിത്തം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ക്യാമ്പില്‍ ഉണ്ടാകുമെന്ന് എന്‍.വൈ.കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ അറിയിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്കായുള്ള നാടന്‍ കലകളുടെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക പരിപാടികളുടെയും അവതരണം ഡിസംബര്‍ 20 നും 21 നും കോട്ടമൈതാനം, 22 ന് കാഞ്ഞിരപ്പുഴ, 23 ന് നെന്മാറ, 24 ന് മലമ്പുഴ എന്നിവിടങ്ങളില്‍ നടക്കും.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.വൈ.കെ ജില്ലാ കോഡിനേറ്റര്‍ അനില്‍കുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.