പാലക്കാട്:ജില്ലയില്‍ കോവിഡ് പരിശോധന നിരക്ക് കൂട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു.നിലവില്‍ ദിവസം 2000 മുതല്‍ 5000 ത്തിനടുത്ത് വരെ എന്ന തോതിലാണ് ജില്ലയില്‍ പരിശോധന നടക്കുന്നതെന്ന് സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.ജഗദീഷ് പറഞ്ഞു. ഇതില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന കണക്കും ഉള്‍പ്പെടും. ദിവസത്തില്‍ 6000 എന്ന തോതില്‍ പരിശോധന നടത്താനാണ് തീരുമാനം. മന്ത്രി എ.കെ ബാലന്‍ നടത്തിയ ഉദ്യോഗസ്ഥരുടെ കോവിഡ് പ്രതിരോധ അവലോകനയോഗത്തില്‍ ആണ് പരിശോധന തോത് കൂട്ടുന്നത് സംബന്ധിച്ച നിര്‍ദ്ദേശമുണ്ടായത്.
നിലവില്‍ പാലക്കാട് ജില്ലയില്‍ 7516 കേസുകളാണ് ഉള്ളത്. ഇതില്‍ 5830 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 1410 പേര്‍ എഫ്.എല്‍.ടി.സി കളിലടക്കം വിവിധ ഹോസ്പിറ്റലുകളില്‍ ചികിത്സയിലുണ്ട്. സജീവമായിരിക്കുന്ന എഫ് എല്‍ ടി സി കളില്‍ 1430 ബെഡുകള്‍ സജ്ജമാണ്. ഇതില്‍ 603 രോഗികളാണ് ഉള്ളത്. മാങ്ങോട് കരുണ മെഡിക്കല്‍ കോളെജിലും കിന്‍ഫ്രയിലും ഐ.സി.യു ബെഡ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് ഡോ.ജഗദീഷ് പറഞ്ഞു.ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അടിയന്തിര യോഗം ചേരുമെന്നും ഡോ.ജഗദീഷ് മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ജില്ലയില്‍ മൊത്തം 40 കോവിഡ് വെന്റിലേറ്ററുകളും 20 നോണ്‍ കോവിഡ് വെന്റിലേറ്ററുകളും ഉണ്ട്. പുറമേ മറ്റ് തരത്തിലുമുള്ളത് ഉള്‍പ്പെടെ മൊത്തം 106 വെന്റിലേറ്ററുകള്‍ ലഭ്യമാണ്. കൂടാതെ സ്വകാര്യമേഖലയില്‍ 96 വെന്റിലേറ്ററുകളും ഉണ്ട്. സ്വകാര്യആശുപത്രികളില്‍ കോവിഡ് ചികിത്സാ ചിലവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. കൂടാതെ വാളയാര്‍ ചെല്ലങ്കാവ് വ്യാജമദ്യ ദുരന്ത പശ്ചാത്തലത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കാന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിഓണ്‍ലൈന്‍ അവലോകനയോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. എ നാസര്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ഷാജി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.