മണ്ണാര്‍ക്കാട്:കരിപ്പൂർ വിമാനത്താവളത്തിൽ ഓഗസ്റ്റ് 7 ന് രാത്രി 7.30 ന് IX 1344 ദുബായ്- കരിപ്പൂർ വിമാനം ലാൻഡിങ് സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശികളായ രണ്ടു പേരടക്കം 18 പേരുടെ മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസ്(24)- ചളവറ പഞ്ചായത്ത്), ആയിഷ ദുഅ (2) മണ്ണാർക്കാട് എന്നിവരാണ് മരിച്ച പാലക്കാട് സ്വദേശികൾ.

കൂടാതെ മലപ്പുറം സ്വദേശികളായ ഷഹീർ സയ്യദ് (38), ലൈലാബി കെ. വി(51), ശാന്ത മരക്കാട്ട്(59), സുധീർ വാരിയത്ത്(45), ഷെസ ഫാത്തിമ (2) എന്നീ അഞ്ച് പേരും കോഴിക്കോട് സ്വദേശികളായ രാജീവൻ ചെരക്കാപറമ്പിൽ(51), മനാൽ അഹമ്മദ്(25), ഷറഫുദ്ദീൻ (35), ജാനകി കുന്നോത്ത്(55), അസം മുഹമ്മദ് ചെമ്പായി(1), രമ്യ മുരളീധരൻ(32), ശിവാത്മിക(5), ഷെനോബിയ(40), ഷാഹിറ ഭാനു (29) എന്നീ ഒമ്പത് പേരുമാണ് മരിച്ചത്. ഇവർക്ക് പുറമേ വിമാന ജീവനക്കാരായ ദീപക് സാതെ, അഖിലേഷ് കുമാർ എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകട സമയത്ത് വിമാനത്തിൽ 184 യാത്രക്കാരും ആറ് വിമാന ജീവനക്കാരും ഉൾപ്പെടെ 190 പേരാണ് ഉണ്ടായിരുന്നത്.

പ്രാഥമിക ചികിത്സയ്ക്കുശേഷം 22 പേർ വീടുകളിലേക്ക് മടങ്ങി. 149 പേർ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രി കളിൽ ചികിത്സ യിൽ തുടരുന്നുണ്ട്. ഇതിൽ 22 പേരുടെ നില ഗുരുതരമാണെന്നും മലപ്പുറം ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

അപകടമുണ്ടായ ഉടനെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ, മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ സമയോചിതമായി രക്ഷാപ്രവർത്തനങ്ങൾക്ക് ഏകോപനം നൽകി. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി നൂറിലധികം ആംബുലൻസുകളാണ് സർവീസ് നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!