പാലക്കാട് : 73-മത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ്‌ 15 ന് രാവിലെ ഒൻപതിന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചരിക്കുമെന്ന് എ.ഡി.എം ആർ.പി. സുരേഷ് കളക്ടറേറ്റ് കോൺ ഫറൻസ് ഹാളിൽ നടന്ന ആലോചനാ യോഗത്തിൽ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ രോഗപ്രതിരോധത്തിന് നേതൃത്വം നൽകുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ, മറ്റ് ആരോഗ്യ, ശുചീകരണ തൊഴിലാളികളെ സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ ആദരിക്കും. കൂടാതെ, ജില്ലയിൽ കോവിഡ് രോഗ വിമുക്തരായവരെയും പങ്കെടുപ്പിക്കും. ഒന്നോ, രണ്ടോ പ്രതിനിധികളെ മാത്രമാണ് പങ്കെടുപ്പി ക്കുന്നത്.

ശാരീരിക അകലം, മാസ്ക് ധരിക്കൽ, സാനിട്ടൈസർ ഉപയോഗം തുടങ്ങിയവ സുരക്ഷാ മാനദണ്ഡങ്ങൾ സ്വാതന്ത്രദിനാഘോഷ വേളയിൽ പൂർണമായും പാലിക്കണമെന്ന് എ.ഡി.എം യോഗത്തിൽ നിർദേശം നൽകി.

കോവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങളെ പരിപാടിയിൽ പങ്കെടുപ്പിക്കില്ല. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 പേരാണ് പരിപാടിയിൽ പങ്കെടുക്കുക.

പരേഡിന് മുമ്പ് കോട്ടമൈതാനത്തെ രക്തസാക്ഷ്യമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.

സ്വാതന്ത്ര ദിനാചരണവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കി.
പോലീസിനെ മാത്രം ഉൾപ്പെടുത്തി മാർച്ച് പാസ്റ്റ് ഇല്ലാതെ പരേഡ് മാത്രമാണ് നടത്തുന്നത്. കോവിഡ് സാഹചര്യത്തിൽ എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചു. എ.ആര്‍ ക്യാംപ് കമാന്‍ഡർ പരേഡിന് ചുമതല വഹിക്കുക.

ഓഗസ്റ്റ് 12 ന് വൈകിട്ട് മൂന്നിനും 13 ന് രാവിലെ ഒൻപതിനും കോട്ടമൈതാനത്ത് പരിശീലനം നടക്കും. ശാരീരിക അകലം ഉറപ്പുവരുത്തിയാണ് ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ 9. 30 ന് സമാപിക്കും.

കലക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!