പാലക്കാട്: സാംസ്‌കാരിക വകുപ്പിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘സര്‍ഗസാകല്യം’ ഫേസ്ബുക്ക് പേജ് വഴി ‘ഇന്ത്യയുടെ കലാ സാംസ്‌കാരിക പൈതൃകം’ എന്ന വിഷയത്തില്‍ ജൂണ്‍ 15 മുതല്‍ 24 വരെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരം അവസാനിച്ചു. ഫൈനല്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി എ.കെ.ബാലന്‍ പിന്നീട് നിര്‍വഹിക്കും. ജൂണ്‍ 15 ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ക്വിസ് മത്സരത്തില്‍ 10 ദിവസങ്ങളിലായി ആയിരത്തോളം മത്സരാര്‍ഥികളാണ് പങ്കെടുത്തത്.

ഓരോ ദിവസത്തെയും വിജയികളായി തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ്  ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഫൈനലില്‍ മത്സരിച്ചത്.  ജൂനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ സ്വദേശി അശ്വതി പി.എ യെ ഒന്നാം സ്ഥാനത്തേക്കും കൊല്ലം സ്വദേശി അദ്വൈത് എസിനെ രണ്ടാം സ്ഥാനത്തേക്കും തൃശൂര്‍ സ്വദേശി ഗോവിന്ദ് സി മേനോനെ മൂന്നാം സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.

സീനിയര്‍ വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി എം സ്വര്‍ണകുമാരി ക്കാണ് ഒന്നാം സ്ഥാനം. കണ്ണൂര്‍ സ്വദേശി ടി.വി ശ്രീനാഥ് രണ്ടാം സ്ഥാനവും തിരുവനന്തപുരം സ്വദേശി അയ്യപ്പദാസ്, കോഴിക്കോട് സ്വദേശി ശ്രീജേഷ് പി എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.

സാംസ്‌കാരികവകുപ്പിനു കീഴിലുള്ള കേരള ലളിതകലാ അക്കാദമി, ഭാരത് ഭവന്‍, ഗുരു ഗോപിനാഥ് നടനഗ്രാമം, മലയാളം മിഷന്‍, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  എന്നീ സ്ഥാപനങ്ങളാണ് ഫൈനല്‍ മത്സരത്തിലെ വിജയികള്‍ക്കായുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!