മണ്ണാര്‍ക്കാട്:കഠിനമായ ചൂടില്‍ കൃഷിയിടങ്ങള്‍ ഉണക്ക് ഭീഷണിയിലായതോടെ കര്‍ഷകരുടെ ആവശ്യപ്രകാരം കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഉപകനാല്‍ തുറന്നു.വലതുകര കനാലിന് കീഴിലുള്ള അരകുര്‍ശ്ശി ഉപകനാലാണ് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ തുറന്നത്.തെങ്കര, മണലടി, അരയങ്ങോട്, ശിവന്‍കുന്ന്, അരകുര്‍ശ്ശി, കൈതച്ചിറ ഭാഗങ്ങളിലേക്ക് ഇതിലൂടെ വെള്ളമെത്തും.
നെല്ലിന് പുറമേ, വാഴ, കമുക്, പച്ചക്കറി കൃഷികളും ഈഭാഗത്തുണ്ട്. കടുത്തചൂടില്‍ വാഴകൃഷി ഉണക്ക് ഭീഷണിയിലേക്ക് നീങ്ങിയിരുന്നു.കഴിഞ്ഞ ആഴ്ചമുതല്ക്കേ വെള്ളത്തിനായി കര്‍ഷകര്‍ ആവശ്യമുന്നയിച്ചിരുന്നു.കൊയ്ത്തുനടക്കുന്നതിനാലാണ് കനാല്‍ തുറക്കുന്നത് ഒരാഴ്ച്ചത്തേക്ക് നീട്ടിവെച്ചത്.കൊയ്ത്തുകഴിഞ്ഞതോടെ കൃഷി ഓഫിസറുടെ അപേക്ഷപ്രകാരമാണ് ജലവിതരണം ആരംഭിച്ചിട്ടുള്ളത്.അരകുര്‍ശ്ശി ഉപകനാല്വഴി ഒരാഴ്ചക്കാലം വെള്ളം തുറന്നുവിടാനാണ് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അധികൃതരുടെ തീരുമാനം.
വലതുകര പ്രധാന കനാലിലെ മെഴുകുംപാറയിലുള്ള പുതിയ ക്രോസ് ഷട്ടര്‍ വഴിയാണ് വെള്ളം ഉപകനാലിലേക്ക് തിരിച്ചുവിട്ടിട്ടുള്ളത്.തകരാറിലായിരുന്ന ഈ ഷട്ടര്‍ യന്ത്രസാമഗ്രികളുള്പ്പടെ നന്നാക്കിയാണ് പുതിയത് സ്ഥാപിച്ചത്.കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തുന്നതിനൊപ്പം നിലവില്‍ ജലനിരപ്പ് താഴുന്നുകൊണ്ടിരിക്കുന്ന മെഴുകുംപാറ, മണലടി ഭാഗങ്ങളിലെ കിണറുകളിലേക്ക് ഉറവയുണ്ടായി വെള്ളം ഉയരാനും കനാല്‍ തുറന്നത് സഹായമാകും. ചൂരിയോട്, പള്ളിക്കുറുപ്പ് ഉപകനാലുകള്‍ അടുത്ത ഘട്ടത്തില്‍ തുറക്കും.കഴിഞ്ഞവര്‍ഷം ജനുവരി അവസാനത്തോടെയാണ് ഉപകനാലുകള്‍ തുറന്നത്.
നിലവില്‍ ഡാമില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നെല്‍ കൃഷിക്ക് വെള്ളമെത്തിക്കുന്നതിനായി കഴിഞ്ഞമാസം ഇടതു-വലതുകര കനാലുകള്‍ തുറന്നിരുന്നു.വലതുകരവഴി ഒരാഴ്ച്ചക്കാലവും ഇടതുകരവഴി രണ്ടാഴ്ചയോളവും കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയില്‍ നിന്നും വെള്ളം തുറന്നുവിട്ടിരുന്നു.കര്‍ഷകര്‍ ആവശ്യമുന്നയിക്കുന്ന പ്രകാരം പ്രധാനകനാലുകളും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇത്തവണ സമയബന്ധിതമായി കനാലുകള്‍ വൃത്തിയാക്കിയതും, തക രാറിലായ ഷട്ടറുകള്‍ മാറ്റിസ്ഥാപിച്ചതുമെല്ലാം ജലവിതരണത്തെ സുഗമമാക്കിയിട്ടുണ്ട്.
