മണ്ണാര്‍ക്കാട്: കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ അക്കാദമിക മികവും സാങ്കേ തിക-കലാ-കായിക-ശാസ്ത്ര നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക വിദ്യാഭ്യാസ റിയാലിറ്റിഷോ ആയ ‘കൈറ്റ് ഹരിതവിദ്യാലയം 4.0’ ജനുവരി 9 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ആരംഭിക്കുന്നു.ഒരു ദിവസം രണ്ട് സ്കൂളുകള്‍ വീതമുള്ള രണ്ട് എപ്പിസോഡുകളായി റിയാലിറ്റിഷോയുടെ ആദ്യ സംപ്രേഷണം വൈകുന്നേരം 7 മണിയ്ക്കാണ്. തൊട്ടടുത്ത ദിവസം രാവിലെ 7.00 മണിക്കും ഉച്ചയ്ക്ക് 1 മണിയ്ക്കും പുനഃസംപ്രേഷണം ഉണ്ടാകും.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച 825 സ്കൂളുകളില്‍ നിന്ന് ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 46ഉം പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 40 ഉം സ്കൂളുകളുമാണ് ഹരിതവിദ്യാലയം റിയാലിറ്റിഷോയില്‍ മാറ്റുരയ്ക്കുക. സ്കൂളുകള്‍ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുക യും അത് മറ്റു വിദ്യാലയങ്ങള്‍ക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം. കൈറ്റ് വിക്ടേഴ്സിന്റെ പോര്‍ട്ടല്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും തത്സമയം കാണാം. youtube.com/itsvicters യുട്യൂബ് ചാനലിലാണ് എപ്പിസോഡുകള്‍ പിന്നീട് ലഭ്യമാകുക.
എല്ലാ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും എന്‍ട്രന്‍സ് പരിശീലനം, പരീക്ഷാ സഹായ പ്രോഗ്രാമുകള്‍, കലോത്സവം ലൈവ് തുടങ്ങി നിരവധി പരിപാടികള്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്തുവരുന്നുണ്ട്. നിലവില്‍ പ്രസാര്‍ ഭാരതി ശൃംഖലയുടെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് എല്ലാ കേബിള്‍ ശൃംഖലകളിലും പ്രധാന ഒ.ടി.ടി. പ്ലാറ്റ്ഫോ മുകളില്‍ ലഭ്യമാണ്.ഡി.ടി.എച്ച്. ശൃംഖലയില്‍ ഉള്‍പ്പെടെ ചാനല്‍ ലഭിക്കുന്നില്ലെങ്കില്‍ അതത് കേബിള്‍ ഓപ്പറേറ്റര്‍മാരുമായി ഉടന്‍ ബന്ധപ്പെടേണ്ടതാണെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
