ഒലവക്കോട്: ട്രെയിനില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സഹിതം ഇതരസംസ്ഥാനക്കാരനായ യുവാവിനെ റെയില്‍വേ പൊലിസിന്റെ നേതൃത്വത്തില്‍ പിടികൂടി. വെസ്റ്റ് ബംഗാള്‍ സ്വദേശി മങ്ക ഹെംറാം (38)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 135 പാക്കറ്റ് നിരോധിതപുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തതായി റെയില്‍ പൊലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ.ജെ പ്രവീണ്‍ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഓപ്പറേഷന് രക്ഷിതയുടെ ഭാഗമായി കന്യാകുമാരി വിവേക് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നടത്തിയ പരിശോധനക്കിടെയാണ് നിരോധിത പുകയിലക്കടത്ത് പിടികൂടിയത്. റെയില്‍വേ പൊലിസും ജില്ലാ ഡോഗ് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. എസ്.ഐ. കെ.ജെ പ്രവീണിനൊപ്പം എ.എസ്. സതീഷ്കുമാര്‍, ജയരാജ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുജിത് കുമാര്‍, അജയന്, സിവില്‍ പൊലിസ് ഓഫിസര്‍ ശ്രീഹരി എന്നിവരും പങ്കെടുത്തു.
