ശിരുവാണി: കാടും സുന്ദരമായ ഡാമും കാഴ്ചകളുടെ പറുദീസയൊരുക്കുന്ന ശിരുവാണി യില്‍ ഇക്കോ ടൂറിസം പുനരാരംഭിച്ചിട്ട് ഒരുവര്‍ഷം തികയുന്നു.ആറുവര്‍ഷം നീണ്ട വിനോദസഞ്ചാരികളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നിനാണ് ഇക്കോടൂറിസം വനംവകുപ്പ് വീണ്ടും തുടങ്ങിയത്. ഇതോടെ ശിരുവാണി യില്‍ പ്രകൃതിയൊരുക്കുന്ന ദൃശ്യമനോഹാരിത ആസ്വദിക്കാന്‍ സഞ്ചാരികളുടെ വര വുമേറി. നിബിഢവനവും അണക്കെട്ടും അപൂര്‍വ്വമായ കേരളാമേടുമെല്ലാം കാണാന്‍ ഇതുവരെ 8036 പേരാണ് ശിരുവാണിയിലേക്കെത്തിയത്.പ്രവേശനഫീസ് ഇനത്തില്‍ 40ലക്ഷത്തോളം രൂപയാണ് വരുമാനം. 1565 വാഹനങ്ങളിലായാണ് ഇത്രയും സന്ദര്‍ശക രെത്തിയത്. അവധി ദിവസങ്ങളിലാണ് കൂടുതല്‍ പേരുമെത്തുന്നത്. കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ സന്ദര്‍ശകരും. അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സന്ദര്‍ശകരെ നിരോധിച്ചിരുന്നു.
യാത്ര വേറിട്ട അനുഭൂതി
കാടിന് അകത്തുകൂടിയുള്ള യാത്രയാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. ടൂറിസം ഗൈഡിന്റെ സഹായത്തോടെ 21 കിലോമീറ്റരര്‍ ദൂരത്തില്‍ മുത്തികുളം റിസര്‍വ് വനത്തിലൂടെയുള്ള ഈയാത്ര. വന്യജീവികളെയും അടുത്തുകാണാന്‍ സാധിക്കും. കേരളമേട് പുല്‍മേട്ടിലേക്കുള്ള ഒരുകിലോമീറ്റര്‍ ട്രക്കിങും ശിരുവാണി അണക്കെട്ടിന്റെ കാഴ്ചകളും സഞ്ചാരികള്‍ക്ക് ഹരംപകരും. മഴക്കാലത്തും മഞ്ഞുകാ ലത്തും ഈ നിത്യഹരിതവനത്തിലേക്കുള്ള യാത്ര വേറിട്ട അനുഭൂതിയാണ് സമ്മാനി ക്കുക. മുന്‍കുട്ടി ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നത്. ബുക്കിങ് നമ്പര്‍: 8547602366. പാലക്കയത്തെ ഇഞ്ചിക്കുന്ന് വനംവകുപ്പ് ചെക്ക്പോസ്റ്റില്‍ നിന്നും സന്ദര്‍ശകര്‍ പാസ്സ് എടുക്കണം. അഞ്ച് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 2000 രൂപ, ഏഴ് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 3000, 12 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 5000, 13 മുതല്‍ 17 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 6500 രൂപയുമാണ് ഫീസ്. രാവിലെ ഒമ്പത്, ഉച്ചയ്ക്ക് 12ന്, ഉച്ചകഴിഞ്ഞ് 2.30 എന്നീ സമയങ്ങളില്‍ മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഇഞ്ചിക്കുന്ന്, കേരളമേട് ഭാഗങ്ങളില്‍ കുളിമുറി-ശൗ ചാലയകെട്ടിടവും നിര്‍മിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പ്രകൃതി പഠനക്യാമ്പുകള്‍ തുടങ്ങാനും നടപടിയായിട്ടുണ്ട്. 2012ല്‍ ആരംഭിച്ച ഇക്കോടൂറിസം പദ്ധതി 2018ലെ പ്രളയത്തില്‍ റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് നിര്ത്തിവെക്കുകയായി രുന്നു. പിന്നീട് കഴിഞ്ഞവര്‍ഷമാണ് പുനരാരംഭിച്ചത്.മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി. അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തിലാണ് ഇക്കോടൂറിസം പുരോഗമിക്കുന്നത്.
വികസനം ശിങ്കപ്പാറ ഉന്നതിയിലേക്കും വികസനം
ഇക്കോടൂറിസത്തിന്റെ ഭാഗമായി ശിരുവാണിയിലെ ഏക ആദിവാസി ഉന്നതിയായ ശിങ്കപ്പാറിയലേക്കും വികസനമെത്തി. ഉന്നതിയിലെ അഞ്ചുപേര്‍ക്ക് ഗൈഡായി സ്ഥിരം നിയമനം നല്കി. പുറംലോകവുമായി അധികം ബന്ധമില്ലാത്ത ശിങ്കപ്പാറ ഉന്നതിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഉന്നതി നിവാസികള്‍ക്കായി ‘കതിര് ‘ എന്ന പേരില്‍ ലൈബ്രറി ആരംഭിച്ചു. ഈ ലൈബ്രറിയിലേക്ക് വിവിധ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും 1200ലധികം പുസ്തകങ്ങളും നല്കി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗത്വം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നുണ്ട്. ഉന്നതിക്കാരു ടെയും സന്ദര്‍ശകരുടെയും വനം-ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെയും സുഗമമായ സഞ്ചാരത്തിനായി ശിരുവാണി റോഡിന്റെ നവീകരണപ്രവൃത്തികളും ആരംഭിക്കാന്‍ നടപടിയായിട്ടുണ്ട്.
