മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, മണ്ണാര്‍ക്കാട് താലൂക്ക് വ്യവസായ ഓഫിസിന്റെയും നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സാങ്കേതിക ശില്പശാല സംഘടിപ്പിച്ചു. എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംരംഭക മേഖലയില്‍ നിലവിലുള്ള സംരംഭകര്‍ക്കും പുതുതായി ഈ മേഖലകളിലേക്ക് കടന്ന് വരുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കും, വിപണിയില്‍ ലഭ്യമായ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് മനസിലാക്കാനുള്ള അവസരവും സാങ്കേതിക വിദഗ്ധരുമായുള്ള ഇടപെടലുകളും ലക്ഷ്യം വെച്ചാണ് ശില്‍പ്പശാല നടത്തിയത്. മണ്ണാര്‍ക്കാട് ഡോറോ റോയല്‍ സ്യൂട്ടില്‍ നടന്ന ശില്‍പ്പശാലയില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രാജേഷ് നമ്പൂതിരി അധ്യക്ഷനായി. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രജനി വെങ്കിടേഷ് ‘നെക്സ്റ്റ്-ജെന്‍ ഗ്ലാമര്‍’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മണ്ണാര്‍ക്കാട് വ്യവസായ വികസന ഓഫിസര്‍ ആര്.സി നിഷ, ഉപജില്ല വ്യവസായ ഓഫീസര്‍ സി.ടി ഷിഹാബുല്‍ അക്ബര്‍, അട്ടപ്പാടി വ്യവസായ വികസന ഓഫിസര്‍ എസ്.ഷിഹാബുദ്ദീന് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
