മണ്ണാര്‍ക്കാട്: പുനര്‍വിവാഹിതരായ മാതാപിതാക്കളുടെ കുട്ടികള്‍ക്കായി സ്കൂളുകളില്‍ സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പുനര്‍വിവാഹിതരായ മാതാപിതാക്കളുള്ള വീടുകളില്‍ ആദ്യ വിവാഹത്തിലെ കുട്ടികള്‍ക്ക് ആവശ്യമായ പരിഗണയും കരുതലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ട്. ഇത്തരം അവഗണനകള്‍ കുട്ടികളുടെ പഠനത്തിനെയും മാനസികവളര്‍ച്ചയെയും ബാധിക്കുന്നത് ഒഴിവാക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നത്. അതോടൊപ്പം ഇത്തരം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും തടയാനും സംരക്ഷണം ഒരുക്കാനും സുരക്ഷാമിത്രയിലൂടെ സാധ്യമാക്കും.
സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി മാതാപിതാക്കള്‍ പുനര്‍ വിവാഹിതരായ കുട്ടികളുടെ പട്ടിക സ്കൂളുകളില്‍ തയാറാക്കും. ഈ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ മാസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി അധ്യാപകര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, സൗഹൃദ ക്ലബ്ബുകള്‍ എന്നിവയുടെ സേവനം ഉപയോഗിക്കും. കുട്ടികള്‍ മാനസിക സമ്മര്‍ദ്ദം, അതിക്രമം, അവഗണന എന്നിവ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം സ്കൂളിലെ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ ഹെഡ് മാസ്റ്ററിനെ അറിയിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
സുരക്ഷാമിത്രയുടെ ഭാഗമായി കുട്ടികള്‍ക്ക് നേരിട്ടും പരാതി സമര്‍പ്പിക്കാം. ഇതിനായി എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികളും സ്ഥാപിക്കുന്നുണ്ട്. ഫ്ലാറ്റുകളിലും ഒറ്റപ്പെട്ട വീടുകളിലുമുള്ള കുട്ടികള്‍, ഒറ്റ മാതാപിതാക്കള്‍ മാത്രമുള്ള കുട്ടികള്‍, ജോലിക്കാരായ മാതാപിതാക്കളുള്ള കുട്ടികള്‍ എന്നിവരുടെ സംരക്ഷണവും സുരക്ഷാമിത്ര പദ്ധതിയില്‍ ഉറപ്പാക്കും. സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ഉണ്ടാവുന്ന ദുരനുഭവങ്ങളും, ബന്ധുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ തുടങ്ങിയ കാര്യങ്ങളും കുട്ടികള്‍ക്ക് സുരക്ഷാമിത്രയിലൂടെ അറിയിക്കാം. കുട്ടികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
പൊലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, എക്സൈസ് എന്നിവരുടെ സേവനം ആവശ്യമായ തുടര്‍നടപടികള്‍ക്കായി പ്രയോജനപ്പെടുത്തും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ പ്രതിമാസ മീറ്റിങ്ങില്‍ ഇത് സംബന്ധിച്ച അവലോകനം നടത്തും. ജില്ലയില്‍ ലഭിച്ച പരാതികള്‍, തീര്‍പ്പാക്കിയവ എന്നിവ രേഖപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. മൂന്ന് മാസത്തിലൊരിക്കല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സുരക്ഷാമിത്ര പദ്ധതി സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
കുട്ടികളുടെ സ്വഭാവ വ്യതിയാനങ്ങള്‍, അവരുടെ മാനസിക – ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും, പോക്സോ ഉള്‍പ്പടെയുള്ള നിയമങ്ങള്‍ മനസിലാക്കുന്നതിനും സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി 200 അധ്യാപകര്‍ക്ക് മാസ്റ്റര്‍ ട്രെയിനിംഗ് നല്കി കഴിഞ്ഞു. മാസ്റ്റര്‍ പരിശീലനം നേടിയ അധ്യാപകരെ ഉപയോഗപ്പെടുത്തി അടുത്തഘട്ടമായി ഒക്ടോബറില്‍ നടത്തുന്ന ജില്ലാതല പരിശീലനത്തില്‍ 4200 അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. തുടര്‍ന്ന് ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറിയിലെ എണ്‍പതിനായിരം അധ്യാപകര്‍ക്ക് ഫീല്‍ഡ് തലത്തിലും പരിശീലനം ഉറപ്പാക്കും.
