കൊലങ്കോട്: കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ ട്രൈക്കോ ഡെര്‍മയും സ്യൂഡോമോണാസും പോലുള്ള ജീവാണു വളങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ യാഥാര്‍ത്ഥ്യമാകുന്നു. രോഗ-കീട നിയന്ത്രണത്തിന് ഏറെ ഫലപ്രദ മായ ഈ ജീവാണു വളങ്ങള്‍ ഗുണമേന്മയോടെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത് ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റാണ്. ഈ പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലങ്കോട് കൃഷിഭവന്റെ നേതൃത്വത്തില്‍ നെന്മേനി നെല്ലുല്പാദക പാടശേഖര സമിതിയില്‍ തുടക്കം കുറിച്ചു.
ജീവാണുക്കളുടെ പ്രവര്‍ത്തനക്ഷമത നിര്‍ണ്ണയിക്കുന്ന ഒരു ഗ്രാം വളത്തിലെ 20 ലക്ഷം സി.എഫ്.യു (കോളനി ഫോമിങ് യൂണിറ്റ്) എന്ന നിലവാരം നിലനിര്‍ത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് നൂറു ശതമാനം പ്രവര്‍ത്തനക്ഷമതയുള്ള ജീവാണു വളങ്ങള്‍ നിര്മ്മി ക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. ഇലപ്പുള്ളി, വേരുചീയല്‍, വാട്ടം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ ഈ ജീവാണുക്കള്‍ക്ക് കഴിവുണ്ട്. കൂടാതെ, മണ്ണിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും ഇവ സഹായകമാണ്. ഈ പദ്ധതിയിലൂടെ, വിപണി യില്‍ ലിറ്ററിന് 400-600 രൂപ വില വരുന്ന ജീവാണു വളങ്ങളാണ് കൊല്ലങ്കോട് കൃഷിയിട ത്തില്‍ ഏകദേശം 170 ലിറ്ററോളം വളരെ കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിച്ചത്. ഇത് ഏകദേശം 100 ഏക്കര്‍ സ്ഥലത്ത് ഉപയോഗിക്കാന്‍ കഴിയും.
വിത്തു പരിചരണം, തൈ പരിചരണം, മണ്ണില്‍ നേരിട്ടുള്ള പ്രയോഗം, ചെടികളില്‍ തളിക്കല്‍ എന്നിങ്ങനെ പല രീതിയില്‍ ഇവ ഉപയോഗിക്കാം. ഒരു കിലോ വിത്തിന് 10 മില്ലിലിറ്റര്‍ ജീവാണു ലായനി ഉപയോഗിക്കാം. തൈകളാണെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 മില്ലിലിറ്റര്‍ എന്ന തോതില്‍ ലായനി കലക്കി 30 മിനിറ്റ് മുക്കിവച്ച ശേഷം നടാവുന്നതാണ്. മണ്ണില്‍ പ്രയോഗിക്കുന്നതിന്, ഒരു ലിറ്റര്‍ ജീവാണു ലായനി 100 കിലോ ഉണക്കച്ചാണകവുമായി ചേര്‍ത്ത് 15 ദിവസം സൂക്ഷിച്ച ശേഷം ഒരു ഏക്കര്‍ സ്ഥലത്തേക്ക് ഉപയോഗിക്കാം. ചെടികളില്‍ തളിക്കുന്നതിന് ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മുതല്‍ 10 മില്ലിലിറ്റര്‍ വരെ ലായനി കലര്‍ത്താവുന്നതാണ്.
നെന്മേനി വി. ചന്ദ്രന്റെ കൃഷിയിടത്തില്‍ നടന്ന ജീവാണു വളപ്രയോഗത്തിന്റെ ഉദ്ഘാടനം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ബി. ജ്യോതി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ആര്. പ്രസാദ്, ആത്മ ബ്ലോക്ക് ടെക് നോളജി മാനേജര്‍ എന്‍.എം. അസ്ലാം എന്നിവരും പാടശേഖര സമിതി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
