മണ്ണാര്‍ക്കാട്: കാരാകുര്‍ശ്ശി അരപ്പാറയില് തെരുവുനായ ആക്രമണത്തില്‍ വിദ്യാര്‍ഥി ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓട്ടുപാറ സ്വദേശിയായ വിദ്യാര്‍ഥി അമല്‍ (14), പൂവന്തൊട്ടിയില് ബൈജു (47), ഏറ്റുപുറത്ത് സ്വാമിനാഥന് (72), ഇതര സംസ്ഥാന തൊഴിലാളികളായ ഷാജുദീന്‍ (46), രൂപേല് (40) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. അരപ്പാറയില് ബസ്കാത്തുനില്ക്കു കയായിരുന്ന അമലിനെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്കും പോകുമ്പോള്‍ സ്വാമിനാഥനേയും കടയിലേക്ക് പോവുകയായിരുന്ന ബൈജുവിനേയും വഴിയില്‍വെച്ചാണ് തെരുവുനായ കടിച്ചത്. പരുക്കേറ്റവര്‍ ആദ്യം കാരാകുര്‍ശ്ശി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് മണ്ണാ ര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സതേടി. നാളുകളായി അരപ്പാറ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു.
