അലനല്ലൂര്‍ : പേവിഷബാധ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ആവശ്യ മായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ സ്പെഷ്യല്‍ അസംബ്ലി ചേര്‍ന്നു. പ്രധാന അധ്യാപകന് പി. യൂസഫ് സംസാരിച്ചു. പേ വിഷബാധ എങ്ങനെ ഉണ്ടാകുന്നു എന്നും വീട്ടില്‍ വളര്‍ത്തുന്ന നായ, പൂച്ച പോലുള്ള ജീവികള്‍ ഉള്‍പ്പെടെ മാന്തുകയോ കടിക്കുകയോ ചെയ്താല്‍ മുറിവില്ലെങ്കില്‍ പോലും പ്രഥമ ശുശ്രൂഷക്ക് ശേഷം ഉടന്‍ ഡോക്ടറെ കാണമെന്നും കുട്ടികളെ ബോധവല്കരിച്ചു. തെറ്റായ നാടന്‍ ചികിത്സകള്‍ ഈ കാര്യത്തില്‍ നടത്തരുതെന്നും കുത്തിവെപ്പുകള്‍ നാലു ഡോസ് നിശ്ചിത സമയത്ത് തന്നെ പൂര്‍ണമായി എടുക്കണമെന്നും കുട്ടികളെ അറിയിച്ചു. വിശദ വിവരങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ രക്ഷിതാക്കളെ കൂടി ബോധവല് കരിക്കുന്നതിന് ക്ലാസ് ഗ്രൂപ്പുകള്‍ വഴി ഷെയര്‍ ചെയ്തു.
