യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി
അഗളി: അട്ടപ്പാടി ചുരത്തില്‍ റോഡിലേക്ക് വീണ വലിയ പാറക്കല്ല് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. മണിക്കൂറുകളുടെ ശ്രമങ്ങള്‍ക്കൊടുവിലാണ് കൂറ്റന്‍കല്ല് റോഡില്‍ നിന്നും നീക്കാനായത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ചുരം പത്താംവളവിന് സമീപം വലിയ പാറയും മണ്ണും കല്ലും വീണത്. ഏഴും എട്ടും വളവുകള്ക്കടിയില് മരവും കടപുഴകി വീണു. ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഇരുവശത്തുമായി കുടുങ്ങി. അതേസമയം ചുരത്തില്‍ തടസമുണ്ടായതോടെ അട്ടപ്പാടി തഹസില്‍ദാര്‍ ആനമൂളിയിലേയും മുക്കാലിയിലേയും ചെക്പോസ്റ്റുകള്‍ അടച്ച് ഗതാഗതം തടഞ്ഞു. അഗ്നിരക്ഷാസേനയെത്തി മരം നീക്കിയെങ്കിലും പാറക്കല്ല് മാറ്റാന്‍ സാധിച്ചില്ല. പാറ പൊട്ടിച്ചു നീക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ജെസിബികള്‍ ഉപയോഗിച്ച് മണ്ണുമാറ്റിയശേഷം പാറ തള്ളിനീക്കാനുള്ള നടപടികളാരംഭിച്ചു. രാത്രി എട്ടരയോടെ തടസം നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
