മണ്ണാര്‍ക്കാട് : പ്രസിദ്ധമായ മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയേറി. നാടും നഗരവും ഉത്സവ ആവേശത്തിലേക്ക്. ഒഴുകിയെത്തിയ ഭക്തജനങ്ങളെ സാക്ഷിയാക്കി അരകുര്‍ശ്ശി ഉദയര്‍ കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന് നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രേയസ് നമ്പൂതിരി സഹകാര്‍മികനായി. പൂരാഘോഷകമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്രം മാനേജിങ് ട്രസ്റ്റി, പൗരപ്രമുഖര്‍, തട്ടകനിവാസികള് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. മൂന്നാം പൂരനാളായ ഇന്ന് ഉച്ചയ്ക്ക് 2.30ന് കിള്ളിക്കുറുശ്ശി മംഗലം ശ്രീരാജ് ചാക്യാര്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്ത്, വൈകിട്ട് നാലരക്ക് പാലക്കാട് രാധാകൃഷ്ണനും സംഘ വും അവതരിപ്പിച്ച നാദസ്വരം എന്നിവ അരങ്ങേറി. തുടര്‍ന്നാണ് കൊടിയേറ്റ് നടന്നത്. ശേഷം കല്ലൂര്‍ ഉണ്ണികൃഷ്ണന്റെ തായമ്പകയും അരങ്ങേറി. നാലാം പൂരദിനമായ നാളെ ഉച്ചയ്ക്ക് 2.30ന്ചാക്യാര്കൂത്ത്, തുടര്‍ന്ന് നാദസ്വരം, 5.30 മുതല്‍ 7.30വരെ ആറങ്ങോട്ടുകര ശിവന്റെ തായമ്പകയുമുണ്ടാകും. 7.30 മുതല്‍ വയലിന് കലാകാരന് ജോബി മാത്യു വെമ്പാലയുടെ വയലിന് വിസ്മയവും അരങ്ങേറും.
