പാലക്കാട് : കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന് ജില്ലയില്‍ നടത്തിയ അദാലത്തിന്റെ ആദ്യ ദിനത്തില്‍ 52 പരാതികള്‍ തീര്‍പ്പാക്കി. നേരിട്ട് ലഭിച്ച 25 പരാതികള്‍ ഉള്‍പ്പെടെ ആകെ 69 പരാതികള്‍ ലഭിച്ചു. 17 പരാതികള്‍ തുടര്‍ നടപടി കള്‍ക്കായി മാറ്റിവച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തിന് കമ്മീഷന് ചെ യര്‍പേഴ്സണ്‍ ശേഖരന് മിനിയോടന്‍ നേതൃത്വം നല്കി. പട്ടിക ജാതി പട്ടിക ഗോത്ര വര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കമ്മീഷനില്‍ ലഭിച്ച പരാതികളും വിചാരണയിലിരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും എതിര്‍കക്ഷികളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും നേരില്‍ കേട്ടാണ് പരാതികള്‍ പരിഹരിക്കുന്നത്. അതിക്രമങ്ങള്‍, റവന്യൂ, തദ്ദേശ സ്വയംഭരണം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും അദാലത്തില്‍ ലഭിച്ചത്.
അദാലത്തില്‍ കമ്മീഷന് അംഗങ്ങളായ അഡ്വ. സേതു നാരായണന്, ടി.കെ വാസു, എ.ഡി.എം കെ.മണികണ്ഠന്, ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍, പോലീസ് വകുപ്പ്, റവന്യൂ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സഹകരണ വകുപ്പ്, പട്ടികജാതി/പട്ടിക വര്‍ഗ വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അദാലത്ത് നാളെ സമാപിക്കും.
