വെട്ടത്തൂര്‍ : അറബി ഭാഷയുടെ സൗന്ദര്യവും വൈവിധ്യവും വിളിച്ചോതി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ കയ്യെഴുത്തു മാഗസിന്‍ മത്സരം ശ്രദ്ധേയമായി. അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ അലിഫ് അറബിക് ക്ലബ് ആണ് മത്സരം സംഘടിപ്പിച്ചത്. സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളിലെ വ്യത്യസ്ത ഡിവിഷനുകളില്‍ നിന്നായി 14 മാഗസിനുകളാണ് മത്സരത്തിലേക്കെത്തി.
പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ‘അത്തനവ്വുഉ’ മാഗസിന്‍ ഒന്നാം സ്ഥാനവും പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘അല്‍ ഹിക്മ’ മാഗസിന്‍ രണ്ടാം സ്ഥാനവും നേടി.അറബിക് ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, കാലിഗ്രാഫികള്‍, ചിത്രങ്ങള്‍, ആപ്തവാക്യങ്ങള്‍, കടങ്കഥകള്‍, ഭാഷാ കൗതുകങ്ങള്‍ എന്നിങ്ങനെ അറബി ഭാഷയില്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ വ്യത്യസ്ത സര്‍ഗ്ഗ സൃഷ്ടികളാല്‍ സമ്പന്നമാണ് മാഗസിനുകള്‍.
അറബിക് ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും മാഗസിനുകളുടെ പ്രകാശനവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.അബ്ദുല്‍ ലത്തീഫ് നിര്‍വഹിച്ചു. പ്രധാന അധ്യാപകന്‍ കെ.എ അബ്ദുമനാഫ്, അറബി അധ്യാപകരായ ഒ.മുഹമ്മദ് അന്‍വര്‍, സാബിദ്.എം, മുഹമ്മദ് അശിഖ്, അറബിക് ക്ലബ് ലീഡര്‍മാരായ ഫാത്തിമത്ത് റഈസ, അഫ്‌നാന്‍ അന്‍വര്‍.ഒ, മുഹമ്മദ് മിന്‍ഹാജ്, അനാന.കെ.പി, ഫാത്തിമത്ത് ഹനാന, അഹ്‌ലാം, മുഹമ്മദ് ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.