തെങ്കര : വേനല്‍ക്കാലത്ത് പുഴയോരത്ത് കുഴികുത്തി ശുദ്ധജലം ശേഖരിച്ചതൊക്കെ തെങ്കര ആനമൂളി ഗോത്രഗ്രാമത്തിലുള്ളവര്‍ക്ക് ഇനി പഴയകഥയാണ്. വീടുകളിലേക്ക് പൈപ്പുവഴി വെള്ളമെത്തിയതോടെ ശുദ്ധജലപ്രതിസന്ധി പരിഹരിക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബങ്ങള്‍. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ ഗ്രാമത്തിലേക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ പദ്ധതി വഴിയാണ് പൈപ്പ് ലൈന്‍വഴി വെള്ളമെത്തിയത്. ഉപയോഗരഹിത മായിരുന്ന കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി പുനരുദ്ധാരണം ചെയതതോടെ ഗ്രാമത്തിലെ കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരമായി.
28 വീടുകളിലായി നാല്‍പ്പതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞവേനല്‍ ക്കാലത്ത് ഗ്രാമത്തിലുള്ളവര്‍ കുടിവെള്ളത്തിനായി കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ശുദ്ധജലപദ്ധതികളില്‍ വെള്ളമില്ലാതാവുകയും കാട്ടുചോലകള്‍ വറ്റുകയും ചെയ്തതാണ് ദുരിതത്തിനിടയാക്കിയത്. ഗത്യന്തരമില്ലാതായതോടെ ആനമൂളി പുഴയോരത്ത് കുഴിക ള്‍ കുത്തി ശുദ്ധജലം ശേഖരിക്കേണ്ടിയും വന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം ഗ്രാമം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയി രുത്തി പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക യായിരുന്നു.
ഗ്രാമത്തിന് താഴെയുള്ള കിണര്‍ ആഴം കുട്ടി നവീകരിച്ചു. പുതിയ മോട്ടോര്‍ പമ്പ്, പൈപ്പ്‌ലൈന്‍, 10,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് എന്നിവ സ്ഥാപിച്ചു. ഇവിടെ നിന്നും 16 പൊതുടാപ്പുകള്‍ വഴിയാണ് വീടുകളിലേക്ക് വെള്ളമെത്തിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ കുടിവെള്ള പൈപ്പ് ലൈന്‍ ഗ്രാമവാസികള്‍ക്ക് തുറന്ന് നല്‍കി. വാര്‍ഡ് മെമ്പര്‍ ടി.കെ സീനത്ത് അധ്യക്ഷയായി. എസ്.ടി. പ്രമോട്ടര്‍ എം. സാലി, ഊര് മൂപ്പത്തി ഷൈലജ, വാര്‍ഡ് കുടുംബശ്രീ പ്രസിഡന്റ് ടി.പി ലീല, സി.ഡി.എസ്. മെമ്പര്‍ വി. ഷമീറ, ടി.കെ കുഞ്ഞാ ണി, സലാം, ചന്ദ്രന്‍, എ.ആര്‍ ദിവ്യ, ടി.കെ ജനിത, സി.ആര്‍ രാധിക എന്നിവര്‍ സംസാ രിച്ചു.